04 December Monday

ഓൺലൈൻ പഠനം 
ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023
കോഴിക്കോട്‌ 
നിപാ വ്യാപനത്തിന്റെ  പശ്‌ചാത്തലത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാവും. 23വരെ ജില്ലയിലെ വിദ്യാലയങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ്‌ പഠനനഷ്ടം പരിഹരിക്കാൻ സമാന്തര മാർഗം സ്വീകരിക്കുന്നത്.  ഞായറാഴ്‌ച ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം ചേർന്ന്‌ ഓൺലൈൻ പഠനം ആസൂത്രണംചെയ്‌തു.  ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസ്  ഒരുക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ജി -സ്യൂട്ട് സംവിധാനം മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കാനായി എല്ലാ അധ്യാപകർക്കും പരിശീലനം നൽകും. സാങ്കേതിക പ്രശ്നം നേരിടുന്ന വിദ്യാലയങ്ങൾ സ്വന്തമായി അനുയോജ്യമായ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തും.  
ഹൈസ്കൂൾ, യുപി വിഭാഗം അധ്യാപകർക്കുള്ള പരിശീലനം പൂർത്തിയായി. മുഴുവൻ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെയും പ്രത്യേക ഓൺലൈൻ യോഗങ്ങൾ ശനിയാഴ്‌ച ചേർന്ന്‌ തയ്യാറെടുപ്പ് ‌തുടങ്ങി. 
ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ലോഗിൻ ചെയ്യുന്നതിനുള്ള സംവിധാനം തയ്യാറാക്കേണ്ടതിനാൽ തിങ്കളാഴ്‌ച പരിശീലനം പൂർത്തിയാക്കും. ഓൺലൈൻ ക്ലാസുകൾ കാണുന്നതിനുള്ള  സാഹചര്യം ഇല്ലാത്ത സ്ഥിതി ഉണ്ടെങ്കിൽ അത്‌ പരിഹരിക്കുന്നതിനായി വിക്ടേഴ്സ് ചാനലിലെ  വീഡിയോ ലിങ്കുകൾ പിഡിഎഫ് ആയി നൽകും.  ഭിന്നശേഷി വിദ്യാർഥികൾക്കായി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ പ്രത്യേക ഓൺലൈൻ ക്ലാസുകളും വീഡിയോകളും തയ്യാറാക്കിനൽകും. 
വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച  വിവരശേഖരണം നടത്തി ദിവസവും ജില്ലാ, വിദ്യാഭ്യാസ ജില്ലാ, ഉപജില്ലാതലത്തിൽ അവലോകനംചെയ്യും. സ്പെഷ്യലിസ്റ്റ് അധ്യാപകർ തയ്യാറാക്കുന്ന ആർട്ട് എഡ്യൂക്കേഷൻ വീഡിയോ ക്ലാസുകൾ സ്കൂളുകൾക്ക് ലഭ്യമാക്കുന്നുണ്ട്‌.
യോഗത്തിൽ  മനോജ് മണിയൂർ, എസ്‌എസ്‌കെ ജില്ലാ കോ ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൽ ഹക്കീം, ആർഡിഡി സന്തോഷ് കുമാർ, എഡി  വി ആർ അപർണ, കൈറ്റ് കോ ഓർഡിനേറ്റർ പ്രിയ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു കെ അബ്ദുന്നാസർ, വിദ്യാകരണം കോ ഓർഡിനേറ്റർ വി വിനോദ്, ഡിപിഒമാർ, ഡിഇഒമാർ, എഇഒമാർ, ബിപിസിമാർ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top