ബേപ്പൂർ
നിപാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയന്ത്രണ മേഖലയാക്കിയ പ്രദേശങ്ങളിലുൾപ്പെട്ട ബേപ്പൂർ ഹാർബർ ഞായറാഴ്ച വിജനം. ബോട്ടുകൾ പതിവുപോലെ കൂട്ടത്തോടെയെത്തി മീനിറക്കിയില്ല. തുടർന്ന് ആയിരങ്ങളെത്തുന്ന ഹാർബർ ആളൊഴിഞ്ഞ സ്ഥിതിയിലായിരുന്നു. ഇവിടെയെത്തിയ ഏതാനും ബോട്ടുകളിൽനിന്ന് മത്സ്യം ഇറക്കാൻ രാത്രി ഒമ്പതുമുതൽ പുലർച്ചെ രണ്ടുവരെ അവസരം നൽകി. തിരിച്ച് മീൻപിടിത്തത്തിന് പോകാൻ ഐസ് ഉൾപ്പെടെ ഇവിടെനിന്ന് കയറ്റുന്നതിന് അനുമതിയില്ല.
കർശന നിയന്ത്രണമേർപ്പെടുത്തിയശേഷം കൃത്യമായ വിവരം ലഭ്യമാകാതെ ഹാർബറിലെത്തിയ ബോട്ടുകളിൽനിന്നാണ് മത്സ്യം ഇറക്കുന്നതിന് പ്രത്യേകാനുമതി നൽകിയത്. പൊലീസ്, ഫിഷറീസ് അധികൃതരുടെ നിരീക്ഷണത്തിലാണ് മീൻ ഇറക്കിയത്. ഇതു വിൽക്കാനും ലേലം ചെയ്യാനുമാവില്ല. എല്ലാം പുറത്തേക്ക് കയറ്റിയയച്ചു.
ഞായറാഴ്‌ച ഏതാനും ബോട്ടുകളും വളളങ്ങളും ചാലിയത്ത് മത്സ്യമിറക്കിയെങ്കിലും ബേപ്പൂരിൽനിന്ന് മീൻപിടിത്തത്തിന് പോയ കൂടുതൽ ബോട്ടുകളും തിരിച്ചെത്തിയിട്ടില്ല.
ബേപ്പൂരിലെ ബോട്ടുകളും വളളങ്ങളും പുതിയാപ്പയിലും വെള്ളയിലുമെത്തി മത്സ്യമിറക്കി തിരികെ മീൻപിടിത്തത്തിന് പോകാൻ അനുമതിനൽകിയിരുന്നെങ്കിലും ആരും രണ്ടിടത്തുമെത്തിയതായി വിവരമില്ല.
നിപാ നിയന്ത്രണം കാരണം നിരവധി ബോട്ടുകൾക്ക് മീൻ പിടിത്തത്തിനിറങ്ങാനായിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..