26 April Friday

ആരോഗ്യം 
‘പെർഫെക്ട്‌ ഓകെ’

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
കോഴിക്കോട്‌
രണ്ടാം എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റ്‌ 100 ദിവസത്തിനുള്ളിൽ ജില്ലയിൽ ‘ആരോഗ്യ’ക്കുതിപ്പ്‌. വാക്‌സിൻ സംഭരണ കേന്ദ്രം, മുലപ്പാൽ ബാങ്ക്‌, ആശുപത്രി നവീകരണം, കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി 4.7 കോടി രൂപയുടെ പ്രവർത്തനങ്ങളാണ്‌ പൂർത്തിയാക്കിയത്‌. രാവിലെ മുതൽ വൈകിട്ട്‌ ആറുവരെ ചികിത്സ ലഭ്യമാക്കുംവിധം നാല്‌ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ്‌ കുടുംബാരോഗ്യകേന്ദ്രമാക്കിയത്‌. നവജാതശിശുക്കൾക്ക്‌ മുലപ്പാൽ ലഭ്യമാക്കുന്ന സർക്കാർ തലത്തിലെ ആദ്യ മുലപ്പാൽ ബാങ്കും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സജ്ജമാക്കി. 
അഞ്ച്‌ ജില്ലകളിലേക്ക്‌ പ്രതിരോധ വാക്‌സിൻ സംഭരിക്കാൻ മലാപ്പറമ്പ്‌ റീജ്യണൽ ഫാമിലി വെൽഫെയർ സ്‌റ്റോറിലാണ്‌ 3.6 കോടി രൂപ ചെലവിൽ ആധുനിക കേന്ദ്രം നിർമിച്ചത്‌. എനേബ്ലിങ്‌ കോഴിക്കോട്‌ പദ്ധതിയിൽ, ബാലുശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കായി ഉള്ള്യേരിയിൽ 15.96 ലക്ഷം രൂപയുടെ ഡിസബിലിറ്റി മാനേജ്‌മെന്റ്‌ സെന്റർ, സിഎച്ച്‌സി ഓർക്കാട്ടേരിയിൽ ഡിസബിലിറ്റി മാനേജ്‌മെന്റ്‌ സെന്റർ എന്നിവയും ഒരുക്കി. മാനസിക–-ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക്‌ ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, സ്‌പീച്ച്‌ തെറാപ്പി സേവനങ്ങൾ ഇവിടെയുണ്ട്‌.
34 ലക്ഷം രൂപയോളം ചെലവിട്ട്‌ എഫ്‌എച്ച്‌സി മങ്ങാട്‌, എഫ്‌എച്ച്‌സി വയലട എന്നിവ നവീകരിച്ചു. ഇവിടെ സ്‌റ്റാഫുകളെയും നിയമിച്ചു. 38.62 ലക്ഷം രൂപ ചെലവിട്ടാണ്‌ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ മുലപ്പാൽ ബാങ്ക്‌ ഒരുക്കിയത്‌. അമ്മമാരുടെ പാൽ സംഭരിച്ച്‌ സംസ്‌കരിച്ച്‌ കുഞ്ഞിന്‌ നൽകുന്ന സർക്കാർ തലത്തിലെ ആദ്യ സംരംഭമാണിത്‌. 
ഫറോക്ക്‌ കരുവൻതിരുത്തി സബ്‌ സെന്റർ നഗരകുടുംബാരോഗ്യ കേന്ദ്രമാക്കാൻ എട്ട്‌ ലക്ഷം രൂപയാണ്‌ ചെലവിട്ടത്‌. ഡെന്റൽ യൂണിറ്റിന്റെ പ്രവർത്തനവും ആരംഭിക്കും. 10 ലക്ഷം രൂപ വീതം ചെലവിട്ട്‌  കുണ്ടൂപ്പറമ്പ്‌ നഗര പ്രാഥമികാരോഗ്യ കേന്ദ്രം, കണ്ണഞ്ചേരി നഗര പ്രാഥമികാരോഗ്യ കേന്ദ്രം, പൊന്നംകോട്‌ നഗര പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയാണ്‌ നഗര കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്‌. ഇതോടെ ഇവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ ആറുവരെ ഒപി സേവനവും നഴ്‌സിങ്‌, ഫാർമസി, ലാബ്‌ സേവനങ്ങളുമുണ്ടാകും. പീഡിയാട്രിക്‌, ഗൈനക്കോളജി സ്‌പെഷ്യാലിറ്റിയുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top