25 April Thursday

റോഡുപരോധിച്ച്‌ അക്രമസമരം

സ്വന്തം ലേഖകന്‍Updated: Friday Sep 18, 2020
കോഴിക്കോട്‌
മന്ത്രി കെ ടി ജലീലിന്റെ രാജിയാവശ്യവുമായി പ്രതിപക്ഷ സംഘടനകൾ നടത്തിയ സമരത്തിൽ നഗരത്തിൽ അരാജകത്വം. പ്രവർത്തകർ അതിക്രമത്തിന്‌ ശ്രമിച്ചെങ്കിലും പൊലീസിന്റെ ഇടപെടലിൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. അതേസമയം, മുൻകൂട്ടി അറിയിക്കാതെ റോഡ്‌ ഉപരോധത്തിലേക്ക്‌ നീങ്ങിയത്‌ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കി. കോവിഡ്‌ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മാസ്‌ക്‌  കൃത്യമായി ധരിക്കാതെ പ്രവർത്തകർ എത്തിയത്‌ ആശങ്കയുണർത്തുന്നതായിരുന്നു.
യുവമോർച്ച, യൂത്ത്‌‌ലീഗ്‌, യൂത്ത്‌കോൺഗ്രസ്‌ പ്രവർത്തകരാണ്‌ വ്യാഴാഴ്‌ച സമരവുമായെത്തിയത്‌. ജില്ലാ പൊലീസ്‌ മേധാവിയുടെ ഓഫീസിലേക്കായിരുന്നു‌ യുവമോർച്ച മാർച്ച്‌‌. സാധാരണയിൽനിന്ന്‌ വ്യത്യസ്തമായി അരയിടത്ത്‌ പാലത്തുനിന്നാണ്‌ പ്രകടനം തുടങ്ങിയത്‌. ഇത്‌ നഗരം മുഴുവൻ ഗതാഗതക്കുരുക്കിന്‌ കാരണമായി.
കമീഷണർ  ഓഫീസ്‌ പരിസരത്ത്‌ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച്‌ പൊലീസിനുനേരെ വടിയും  മറ്റും വലിച്ചെറിഞ്ഞു. പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചതോടെ ബാങ്ക്‌ റോഡിൽ സിഎസ്‌ഐ ജങ്‌ഷനിലേക്ക്‌ നീങ്ങി റോഡ്‌ ഉപരോധമാരംഭിച്ചു. മാവൂർ റോഡിൽനിന്നും‌ പാളയം ഭാഗത്തുനിന്നുമുള്ള ഗതാഗതം ഇതോടെ പൂർണമായി നിലച്ചു. തുടർന്ന്‌  സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്, ജില്ലാ പ്രസിഡന്റ് ടി റെനീഷ് എന്നിവരുൾപ്പെടെയുള്ളവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തുനീക്കി.
ഇതിന്‌ പിന്നാലെയാണ്‌ കലക്ടറേറ്റിലേക്ക്‌ യൂത്ത്‌ലീഗുകാർ മാർച്ച്‌ നടത്തിയത്‌. പിരിച്ചുവിടാനായി ജലപീരങ്കി പ്രയോഗിച്ചു.  പിരിഞ്ഞുപോയശേഷം വീണ്ടും കൂട്ടംകൂടിയെത്തി റോഡ്‌ ഉപരോധം തുടങ്ങി. ഇവിടെയും ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. ഇതുവഴിയെത്തിയ വാഹനങ്ങളും കാൽനടയാത്രക്കാരും ഉൾപ്പെടെയുള്ളവർ പ്രയാസത്തിലായി. പിന്നീട്‌ പ്രവർത്തകരെ ജലപീരങ്കിയുപയോഗിച്ച്‌ പിരിച്ചുവിട്ടു. യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ മാനാഞ്ചിറയിലാണ്‌ പ്രതിഷേധവുമായി എത്തിയത്‌. ഇവിടെയും ദീർഘനേരം ഗതാഗതം മുടങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top