26 April Friday

ബസിൽ സുഖയാത്രക്ക്‌ ‘ബോണ്ട്‌’

സ്വന്തം ലേഖകൻUpdated: Friday Sep 18, 2020
കോഴിക്കോട്‌
കോവിഡിനെ പേടിച്ച് ഓഫീസിലേക്കുള്ള യാത്രകൾ സ്വന്തം വാഹനത്തിലാക്കിയവരെ കെഎസ്‌ആർടിസി വിളിക്കുന്നു. ട്രാൻസ്‌പോർട്ട്‌ ബസിൽ ഓഫീസിന്‌ മുന്നിലിറങ്ങാൻ ബോണ്ട്‌ (ബസ്‌ ഓൺ ഡിമാൻഡ്‌) സർവീസുമായാണ്‌ കെഎസ്‌ആർടിസി എത്തുന്നത്‌. അടുത്തയാഴ്‌ച  ജില്ലയിൽ ബോണ്ട്‌ സർവീസ്‌ ആരംഭിക്കുമെന്നാണ് ‌സൂചന. ഇതിനകം അമ്പതിലധികമാളുകൾ ബോണ്ട്‌ സർവീസിനായി കെഎസ്‌ആർടിസിയെ സമീപിച്ചു‌.
നേരത്തെ ബുക്ക്‌ ചെയ്യുന്നവർക്കായി നിശ്ചിത ദിവസത്തേക്ക്‌ ബസ്‌ വിട്ടുനൽകുന്നതാണ്‌ ബോണ്ട്‌ പദ്ധതി. ഒരേ സ്ഥലത്തേക്ക്‌ യാത്രചെയ്യുന്നവർക്ക്‌ കൂട്ടായി ഈ സൗകര്യം പ്രയോജനപ്പെടുത്താം. സാമൂഹ്യ അകലവും കോവിഡ്‌ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും യാത്ര. പത്തോ  ഇരുപതോ  ദിവസത്തേക്ക്‌ ഒരുമിച്ച്‌ ബസ്‌ ബുക്ക്‌ ചെയ്യാം.  അടുത്തുള്ള കെഎസ്‌ആർടിസി ഓഫീസിലെത്തി ബസ്‌ ബുക്ക്‌ ചെയ്യാം. രജിസ്‌റ്റർചെയ്‌ത്‌ പണമടയ്‌ക്കുമ്പോൾ യാത്രാ കൂപ്പൺ നൽകും. ബുക്ക്‌ ചെയ്യുമ്പോൾ ലഭിക്കുന്ന സീറ്റ്‌ നമ്പറായിരിക്കും എല്ലാ ദിവസവും. അതിനാൽ, സമ്പർക്കത്തിലൂടെ കോവിഡ്‌ പകരുമെന്ന പേടി  വേണ്ട. 
ഓരോ യാത്രക്ക്‌ മുമ്പും ശേഷവും അണുവിമുക്തമാക്കിയശേഷമാകും ബസ്‌ പുറപ്പെടുക‌. താമരശേരി, വടകര, കോഴിക്കോട്‌, ബാലുശേരി, കൊയിലാണ്ടി എന്നിവിടങ്ങളിൽനിന്ന്‌ നിലവിൽ‌ ബുക്കിങ്‌ ലഭിച്ചിട്ടുണ്ട്‌. കലിക്കറ്റ്‌ സർവകലാശാല, കണ്ണൂർ സർവകലാശാല, കോഴിക്കോട്‌ സിവിൽസ്‌റ്റേഷൻ, കോർപറേഷൻ തുടങ്ങിയ ഇടങ്ങളിലേക്കാണ്‌ കൂടുതൽ ആവശ്യക്കാരുള്ളത്‌.
കോവിഡ്‌ വ്യാപനമുള്ളതിനാൽ പല ഓഫീസുകളിലും ഇടവിട്ട ദിവസങ്ങളിലാണ്‌ ജിവനക്കാർ എത്തുന്നത്‌. ഇവർക്ക് പത്ത്‌ ദിവസത്തെ പണം നൽകി‌ 20 ദിവസത്തേക്ക്‌ ബുക്ക്‌ ചെയ്യാനും സംവിധാനമുണ്ട്‌. എല്ലാ ദിവസവും ഒരേ ബസായിരിക്കും ഒരു റൂട്ടിലുണ്ടാവുക. ബസിൽ മാറ്റമുണ്ടെങ്കിൽ  യാത്രക്കാരുടെ ഫോണിൽ സന്ദേശമായെത്തും. ഫോൺ: 8156902807.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top