26 April Friday
കൈമാറിയ 40 ഏക്കർ ഭൂമി തിരിച്ചെടുക്കണം

സിആർപിഎഫ്‌ കേന്ദ്രം എവിടെ

ഇ ബാലകൃഷ്‌ണൻUpdated: Wednesday May 18, 2022

പെരുവണ്ണാമൂഴിയിൽ സിആർപിഎഫ് ക്യാമ്പിനുവേണ്ടി ഏറ്റെടുത്ത ഭൂമി

പേരാമ്പ്ര
കൊട്ടിഘോഷിച്ചായിരുന്നു പ്രഖ്യാപനം. വർഷം പത്തുകഴിഞ്ഞിട്ടും പെരുവണ്ണാമൂഴിയിലെ സിആർപിഎഫ്‌ കേന്ദ്രം കടലാസിൽ മാത്രം. ശിലാഫലകം സ്ഥാപിച്ചതല്ലാതെ തുടർനടപടികൾ ഒന്നുമുണ്ടായില്ല. ഇതേ തുടർന്ന്‌ ജലസേചനവകുപ്പ്‌ സിആർപിഎഫിന്‌ കൈമാറിയ 40 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ തിരിച്ചെടുത്ത്‌ പുതിയ സംരംഭം ആരംഭിക്കണമെന്ന ആവശ്യം ഉയരുകയാണ്‌. 
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്‌ കേന്ദ്രത്തിന്‌ ശിലയിട്ടത്‌. യുപിഎ ഭരണത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കെയാണ് പെരുവണ്ണാമൂഴിയിൽ സിആർപിഎഫിന്റെ കേരളത്തിലെ മൂന്നാമത്തെ കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. 1000 സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്ന ബറ്റാലിയനുപുറമെ ക്വാർട്ടേഴ്സുകൾ, കേന്ദ്രീയ വിദ്യാലയം, സൈനിക ആശുപത്രി, ഹൈപ്പർ മാർക്കറ്റ്, മൈതാനം, ഹെലിപ്പാഡ്‌ എന്നിവയടങ്ങുന്ന ടൗൺഷിപ്പ് സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി ആദ്യഘട്ടത്തിൽ 300 കോടി രൂപ അനുവദിച്ചതായും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. 
കേന്ദ്രം വരുന്നതോടെ പൂഴിത്തോട് -പടിഞ്ഞാറത്തറ ബദൽ റോഡ് എന്ന ചിരകാലസ്വപ്നം യാഥാർഥ്യമാക്കുമെന്നും ഇതുവഴി ബംഗളൂരുവിലേക്കുള്ള ഹൈവേയായി പാത ഉയർത്തുമെന്നും പ്രഖ്യാപിച്ചു. 2012 സെപ്തംബർ 17 നായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓൺലൈനായി ബറ്റാലിയൻ ഹെഡ്ക്വാർട്ടേഴ്സിന്റെ ശിലാസ്ഥാപനവും നടത്തി. അധ്യക്ഷനായ മുല്ലപ്പള്ളി ഹെലികോപ്റ്ററിലാണ്‌ ചക്കിട്ടപാറ മൈതാനിയിൽ പറന്നിറങ്ങിയത്‌. ശിലാസ്ഥാപനത്തിനായി മാത്രം ലക്ഷങ്ങൾ പൊടിച്ചു. പിന്നീട്‌ നിർമാണ പ്രവർത്തനമൊന്നും നടന്നില്ല. വർഷത്തിൽ ഒന്നോ രണ്ടോ തവണ തിരുവനന്തപുരത്തെ പള്ളിപ്പുറം ക്യാമ്പിൽനിന്നും കണ്ണൂരിലെ പുളിങ്ങോം ക്യാമ്പിൽനിന്നുമുള്ള സേനാംഗങ്ങൾക്ക് പെരുവണ്ണാമൂഴി വനമേഖലയിൽ ജംഗിൾ ട്രെയിനിങ് നൽകുന്നത് മാത്രമായി ഒതുങ്ങി. തുടർന്നും മുല്ലപ്പള്ളി എംപിയായി. പിന്നീട് വന്ന കെ മുരളീധരനും ക്യാമ്പ് സ്ഥാപിക്കുന്ന കാര്യത്തിൽ ഒന്നും ചെയ്തില്ല. 
പത്തുവർഷമായിട്ടും നടപ്പാകാത്ത സിആർപിഎഫ് ക്യാമ്പിനുവേണ്ടി അനുവദിച്ച 40 ഏക്കർ ഭൂമി സർക്കാർ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിച്ചു. ഇതിൽ നടപടി പ്രതീക്ഷിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുനിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top