26 April Friday
കോർപറേഷൻ സമ്പൂർണ അതിദരിദ്രമുക്തിയിലേക്ക്

കല്യാണിയേടത്തി ഒറ്റയ്‌ക്കല്ല; 
എന്തിനും ‘ഒപ്പ’മുണ്ട്‌

വി ബൈജുUpdated: Saturday Mar 18, 2023

ഒ പി ഷിജിന കല്യാണിയേടത്തിയ്ക്ക് ഭക്ഷ്യധാന്യം കെെമാറുന്നു

വെസ്റ്റ്ഹിൽ
എലത്തൂർ ചെട്ടികുളത്തെ കുറൂളി കല്യാണിയേടത്തി 77-ാം വയസ്സിലും ഒറ്റക്കൊരു വീട്ടിലാണ് താമസം. കാടുമൂടിയ അരോത്ത്കുഴിക്ക് സമീപത്തുള്ള വീട്ടിൽ തുണയായി അവിവാഹിതയായ കല്യാണിയേടത്തിക്ക് ആരുമില്ല. ഭക്ഷണത്തിനായിപ്പോലും മറ്റുള്ളവരെ ആശ്രയിക്കണം. സർക്കാരിന്റെ അതിദരിദ്രരെ കണ്ടെത്തി സംരക്ഷിക്കാനുള്ള ‘ഒപ്പം’ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന്‌ മാസത്തേക്കാവശ്യമായ ഭക്ഷണസാധനങ്ങളുടെ കിറ്റുമായി വികസന സ്ഥിരംസമിതി അധ്യക്ഷ ഒ പി ഷിജിനയുടെ നേതൃത്വത്തിലുള്ള വാർഡ് വികസനസമിതി അംഗങ്ങൾ എത്തിയപ്പോൾ അവരുടെ കണ്ണ്‌ നിറഞ്ഞു. ഇനിയും എനിക്ക് വോട്ട് ചെയ്യാൻ കഴിയോ മക്കളേ നിങ്ങൾക്ക്‌ എന്ന ചോദ്യത്തിൽ സർക്കാരിന് നന്ദിപറഞ്ഞു. 75 വാർഡുകളിലെയും അഗതി പദ്ധതിയിൽപ്പെടാത്ത 814 പേരെ കണ്ടെത്തി സേവനങ്ങളും സൗകര്യങ്ങളുമെത്തിക്കുകയാണ്‌ കോഴിക്കോട്‌ കോർപറേഷൻ. 
ആരോഗ്യം, വാസയോഗ്യവീടില്ലാത്തവർ, ജീവിതമാർഗമില്ലാത്തവർ തുടങ്ങിയവരുടെ ആവശ്യങ്ങൾക്ക്‌ പരിഹാരം തേടാനുള്ള  ശ്രമമാണ്‌ ‘ഒപ്പം’ പദ്ധതിയിൽ നടക്കുന്നത്‌. വീട്, മരുന്ന്, അറ്റകുറ്റപ്പണി, ഭക്ഷ്യധാന്യങ്ങൾ, പാകംചെയ്ത ഭക്ഷണം തുടങ്ങി ഓരോരുത്തരുടെയും ആവശ്യങ്ങൾ പലതാണ്. മൈക്രോപ്ലാൻ തയ്യാറാക്കി വിവിധ വകുപ്പുകളിലേക്ക്‌ നൽകിയാണ് നടപ്പാക്കുന്നത്. ഒരു രേഖയുമില്ലാത്തവരാണ് പലരും. ആധാർ, ആരോഗ്യ ഇൻഷുറൻസ്, മേൽവിലാസം, ഭിന്നശേഷി കാർഡ് തുടങ്ങിയ രേഖകൾ ലഭ്യമാക്കാൻ കുടുംബശ്രീയെ ചുമതലപ്പെടുത്തി.  262 പേർക്ക് വീട് നന്നാക്കാൻ 2.62 കോടി രൂപ വകയിരുത്തി. ഇതിന്റെ ആദ്യഗഡുവായ 60,000 രൂപ നൽകിവരികയാണ്. 365 പേർക്ക് എല്ലാമാസവും ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നു. പാചകംചെയ്യാൻ കഴിയാത്ത 145 പേർക്ക് ജനകീയ ഹോട്ടലുകൾ വഴി മൂന്ന്‌ നേരവും ഭക്ഷണമെത്തിക്കും. 38 പേർക്ക് ലൈഫിൽ വീടുനൽകും. ആരോഗ്യക്യാമ്പുകൾ നടത്തി തുടർചികിത്സയും നീതിമെഡിക്കൽ സ്‌റ്റോറുകളിൽനിന്ന്  മരുന്നുകളും എത്തിക്കും.  തൊഴിലെടുക്കാൻ കഴിയുന്നവർക്ക്‌ വി ലിഫ്റ്റ് പദ്ധതിയിൽ ജോലി നൽകുമെന്നും കോർപറേഷൻ ഇംപ്ലിമെന്റിങ്‌ ഓഫീസർ ടി കെ പ്രകാശൻ പറഞ്ഞു. കലക്ടറാണ് പദ്ധതി റിവ്യു നടത്തുക. ദാരിദ്ര്യലഘൂകരണവിഭാഗം കോ ഓർഡിനേറ്റ് ചെയ്യും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top