20 April Saturday

കടൽ കടക്കും കേരള സോപ്‌സ്‌

സ്വന്തം ലേഖകൻUpdated: Saturday Mar 18, 2023

കേരള സോപ് സ്

കോഴിക്കോട്‌
വിദേശ വിപണി കീഴടക്കാനൊരുങ്ങി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സോപ്‌സ്. കോവിഡ് പ്രതിസന്ധിയിൽ നിലച്ച വിദേശ കയറ്റുമതി ഏപ്രിലിൽ പുനരാരംഭിക്കും. സൗദിയിലേക്ക്‌  രണ്ട്‌ കണ്ടെയ്‌നർ ഉൽപ്പന്നങ്ങൾ കയറ്റി അയയ്‌ക്കാനാണ്‌ ലക്ഷ്യം.  
കേരള സോപ്‌സിന്‌ വിദേശ വിപണിയിൽ ആവശ്യക്കാരേറെയായിരുന്നു. പക്ഷേ, കോവിഡിൽ വിദേശ കയറ്റുമതി പൂർണമായി നിലച്ചു. കണ്ടെയ്‌നറുകൾക്ക്‌ ചൈന ഉപരോധമേർപ്പെടുത്തിയത്‌ തിരിച്ചടിയായി.  വിമാനം വഴിയുള്ള കയറ്റുമതിക്ക്‌  നിരക്ക്‌ കുത്തനെ വർധിപ്പിച്ചു. 500 ഡോളർ ഉണ്ടായിരുന്നത്‌  1500നും 2500നുമിടയിലായി.  സോപ്പ്‌ നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ വില ഗണ്യമായി കൂടിയതും ചരക്കുഗതാഗത പ്രശ്‌നങ്ങളും പ്രതിസന്ധി രൂക്ഷമാക്കി.  ഇതോടെ കയറ്റുമതി പൂർണമായി നിലച്ചു.   
വിപണി ഉണർന്നതോടെ വിദേശ മാർക്കറ്റുകൾ തിരിച്ചുപിടിക്കാനും കൂടുതൽ മേഖലകളിൽ സാന്നിധ്യമറിയിക്കാനുമുള്ള തയ്യാറെടുപ്പിലാണ്‌ കമ്പനി.  റിലയൻസ്‌, ജി മാർട്ട്‌, ബിഗ്‌ ബസാർ, അപ്പോളോ ഫാർമസി ഗ്രൂപ്പ്‌ തുടങ്ങിയ വൻകിട കമ്പനികൾ വഴിയാണ്‌  ഉൽപ്പന്നങ്ങൾ കയറ്റി അയയ്‌ക്കുന്നത്‌.  
കഴിഞ്ഞ യുഡിഎഫ്‌ ഭരണത്തിൽ നഷ്ടത്തിലായിരുന്ന  കേരളാ സോപ്‌സ് ആധുനികവൽക്കരിച്ചാണ്‌ എൽഡിഎഫ്‌ സർക്കാർ ലാഭത്തിലാക്കിയത്‌.  നടപ്പു സാമ്പത്തിക വർഷം ഇതിനകം 16 കോടി രൂപയുടെ വിറ്റുവരവ്  നേടി. കോഴിക്കോട്ടെ ഫാക്ടറിയിൽ നിലവിൽ 17 തരം സോപ്പുകൾ ഉൽപ്പാദിപ്പിക്കുന്നു. കോവിഡ്‌ കാലത്ത്‌ ഹാൻഡ്‌ വാഷും സാനിറ്റൈസറും നിർമിച്ച്‌ നേട്ടമുണ്ടാക്കി.  പൊതുമേഖലാ മാസ്റ്റർ പ്ലാൻ പ്രകാരം കൂടുതൽ ആധുനികവൽക്കരിക്കാനുള്ള  ശ്രമം പുരോഗമിക്കുന്നു. അതിന്റെ ഭാഗമായി ലിക്വിഡ് ഡിറ്റർജന്റ് (വാഷ്‌ വെൽ), ഫ്ലോർ ക്ലീനർ(ക്ലീൻ വെൽ),  ഡിഷ് വാഷ്  (ഷൈൻ വെൽ) എന്നിവ ഉടൻ വിപണിയിലെത്തിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top