28 March Thursday

‘ബ്രെയ്‌ക്കി’ലാകുമോ കുട്ടികളുടെ യാത്ര

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

കോഴിക്കോട് ചേവായൂർ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ ടെസ്റ്റിങ് യാർഡിൽ സ്കൂൾ ബസ്സിന്റെ വേഗ പരിധി പരിശോധിക്കുന്നു.

സ്വന്തംലേഖിക

കോഴിക്കോട്‌
സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളുടെ യാത്ര ഏത്‌ രീതിയിലാക്കുമെന്നതിന്റെ ആശങ്കയിലാണ്‌ രക്ഷിതാക്കൾ. കുട്ടികളുടെ ആരോഗ്യ സുരക്ഷിതത്വം പരിഗണിച്ച്‌ യാത്ര ഒരുക്കുമ്പോൾ ഓട്ടോറിക്ഷാ ചാർജ്‌, ലഭ്യത തുടങ്ങിയ മറ്റ്‌ ബുദ്ധിമുട്ടുകളും ഏറെയുണ്ട്‌. കുറഞ്ഞ കുട്ടികളുമായി സർവീസ്‌ നടത്തുന്നത്‌ ഒത്തുപോകില്ലെന്ന്‌ കണ്ട്‌ ഓട്ടോയടക്കമുള്ള സ്വകാര്യ വാഹനങ്ങളും മടിക്കുകയാണ്‌. 
    മാനദണ്ഡമനുസരിച്ച്‌ ഒരു ഓട്ടോയിൽ രണ്ട്‌ കുട്ടികളും ടാക്‌സി മാതൃകയിലുള്ള ഓട്ടോയിൽ നാലു കുട്ടികളുമാണ്‌ അനുവദിക്കുക. സ്‌കൂൾ ബസ്സിൽ ഒരു സീറ്റിൽ ഒരു കുട്ടിയാണ്‌ ഇരിക്കേണ്ടത്‌. ഇത്ര കുട്ടികളെ മാത്രം കയറ്റി ഓടിക്കുമ്പോൾ പഴയ നിരക്കിൽ കൊണ്ടുപോകാൻ കഴിയില്ലെന്നതാണ്‌ പ്രതിസന്ധി. 
ഓട്ടോയ്‌ക്ക്‌ കൂടുതൽ പണം നൽകി കുട്ടികളെ സ്‌കൂളിൽ വിടാൻ കഴിയാത്ത കുടുംബങ്ങൾ ഏറെയുണ്ട്‌. രണ്ട്‌ കുട്ടികളെ വീതം കൊണ്ടു പോയാൽ സമയവും പ്രശ്‌നമാവുമെന്നതാണ്‌ മറ്റൊരു പ്രതിസന്ധി.  ‘നാലിലും അഞ്ചിലും പഠിക്കുന്ന രണ്ട്‌ മക്കളാണുള്ളത്‌. ഒരാൾക്ക്‌ രാവിലെയും മറ്റൊരാൾക്ക്‌ മറ്റൊരു സമയവുമാണ്‌ ക്ലാസെങ്കിൽ രണ്ട്‌  തവണ ഓട്ടോ വിളിക്കേണ്ടിവരും. നടന്നുപോകാവുന്ന ദൂരവുമല്ല. ഞങ്ങൾക്ക്‌ രണ്ടാൾക്കും ജോലിക്കു പോകാനുള്ളതിനാൽ സ്‌കൂളിൽ കൊണ്ടുവിടലും നടക്കില്ല. എന്ത്‌ ചെയ്യുമെന്ന്‌ ഒരു പിടിയുമില്ല’ ചെലവൂർ സ്വദേശിയായ ഗൃഹനാഥ പറയുന്നു. 
 
‘കുറഞ്ഞ കുട്ടികളെയുമായി എങ്ങനെ ഓടിക്കും ’
കോവിഡിന്‌ മുന്നേ സ്‌കൂൾ ട്രിപ്പുകൾ എടുത്തിരുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ഇനി സ്‌കൂൾ യാത്രകൾ എടുക്കുന്നില്ലെന്ന സാഹചര്യത്തിലാണ്‌. കുറഞ്ഞ കുട്ടികളുമായി ഓടിയാൽ സാമ്പത്തികമായി നഷ്‌ടമെന്നതും പുതിയ സമയക്രമവുമെല്ലാം പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്‌. ‘ പലരും ഇത്തവണ സ്‌കൂൾ ട്രിപ്പുകൾ എടുക്കുന്നില്ലെന്ന തീരുമാനത്തിലാണ്‌. രണ്ട്‌ കുട്ടികളെയുമായി ഓടിയിട്ട്‌ വലിയ കാര്യമില്ല. പിന്നെ ഒരേ സമയത്തിലുള്ള കുട്ടികളെ പല ട്രിപ്പുകളിലായി സ്‌കൂളിലെത്തിക്കുമ്പോൾ സമയവും  പ്രശ്‌നമാകും. കുറച്ചുദിവസം കഴിഞ്ഞ്‌ കാര്യങ്ങൾ എങ്ങനെ കൃത്യതയിലാവുമെന്ന്‌ നോക്കി എടുക്കാമെന്നാണ്‌ പലരും പറയുന്നത്‌’ ചേവരമ്പലത്തെ ഓട്ടോറിക്ഷാ ഡ്രൈവർ ടി എം ബിജു പറയുന്നു. കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട്‌ അതത്‌ സ്‌കൂളുകൾക്ക്‌ അനുയോജ്യമാകും വിധമുള്ള തീരുമാനങ്ങൾ എടുക്കാനുള്ള നിർദേശങ്ങളാണ്‌ നൽകിയതെന്ന്‌ ഡിഡിഇ വി പി മിനി പറഞ്ഞു. യാത്രയുടെ രീതി, ദൂരം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച്‌ കുട്ടികളിൽനിന്ന്‌ സ്‌കൂൾ തലത്തിൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്‌. അതനുസരിച്ച്‌ തീരുമാനങ്ങൾ സ്‌കൂളിൽനിന്ന്‌ അറിയിക്കുമെന്നും അവർ പറഞ്ഞു.
 
ഫിറ്റ്‌നെസ്‌ പരിശോധന: എത്തിയത്‌ എട്ട്‌ സ്‌കൂൾ ബസ്സുകൾ മാത്രം 
കോഴിക്കോട്‌
സ്‌കൂൾ തുറക്കാനിരിക്കെ ഫിറ്റ്‌നെസ്‌ പരിശോധന  പൂർത്തിയാക്കാനായി ശനിയാഴ്‌ച നടത്തിയ ഡ്രൈവിൽ ആകെ എത്തിയത്‌ എട്ട്‌ സ്‌കൂൾ ബസ്സുകൾ മാത്രം. ചേവായൂർ ഗ്രൗണ്ടിൽ നടന്ന പരിശോധനയിൽ എത്തിയ ബസ്സുകളിൽ മൂന്നും ബ്രയ്‌ക്ക്‌ സംബന്ധിച്ച പരാതികളിൽ പരാജയപ്പെടുകയും ചെയ്‌തു.
21നകം സ്‌കൂൾ വാഹനങ്ങളുടെ പരിശോധന പൂർത്തിയാക്കണമെന്ന നിർദേശത്തിന്റെ ഭാഗമായാണ്‌  പ്രത്യേക ഡ്രൈവ്‌ നടത്തിയത്‌. പല സ്‌കൂളുകളും കോവിഡ്‌ സാഹചര്യത്തിൽ  ഇത്തവണ കുട്ടികളുടെ യാത്രക്ക്‌ ബസ്‌ ഉപയോഗിക്കുന്നില്ല. സുരക്ഷിതത്വം പരിഗണിച്ച്‌  കുട്ടികൾ കൂടുതലും സ്വകാര്യ വാഹനങ്ങളാണ്‌ ആശ്രയിക്കാൻ സാധ്യത. അതിന്‌ പുറമെ ഒരു സീറ്റിൽ ഒരു കുട്ടി എന്ന നിലയിൽ ട്രിപ്പ്‌ നടത്തുന്നതും സാമ്പത്തികമായും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്‌. ഒന്നര വർഷമായി കട്ടപ്പുറത്തിരിക്കുന്ന ഈ വാഹനങ്ങളിൽ പലതും അറ്റകുറ്റപ്പണികളും ഇൻഷുറൻസ്‌ അടയ്‌ക്കലും പൂർത്തീകരിക്കാനുള്ളതാണ്‌. ഇതിനായി കൂടുതൽ പണമിറക്കാനും പറ്റാത്ത സാഹചര്യമായതും ബസ്സുകൾ നിരത്തിലിറക്കാൻ മടിക്കുന്നതിന്‌ കാരണമാകുന്നെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top