കോഴിക്കോട്
ആളുമാറി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് റോഡരികിൽ ഉപേക്ഷിച്ച ക്വട്ടേഷൻ സംഘം അറസ്റ്റിൽ. കരിപ്പൂർ സ്വർണക്കവർച്ചാ കേസിലെ മുഖ്യപ്രതി ചരൽ ഫൈസലിന്റെ സംഘാംഗമായ ആസിഫാണെന്ന് കരുതി സുഹൃത്ത് മുനീറിനെ കഴിഞ്ഞ 13ന് തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്‌റ്റ്. നല്ലളം ഉണ്ണിശേരികുന്ന് ആന റോഡ് ഇല്ലിക്കൽ ഷാഹുൽ ഹമീദ് (42), കല്ലായ് ആനമാട് ചക്കുംകടവ് റഹിയാനത്ത് മൻസിൽ സക്കീർ (52), കുളങ്ങരപീടിക താന്നിക്കാട്ട് മീത്തൽ പറമ്പ് റാഷിദ് (47), പന്തീരാങ്കാവ് പുത്തൂർ മഠം പുറത്തൊളിക്കൻ പറമ്പ് ഷമീർ (37) എന്നിവരാണ് അറസ്‌റ്റിലായത്. ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ ഇ ബൈജുവിന്റെ കീഴിലുള്ള സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും ഫറോക്ക് അസിസ്റ്റന്റ് കമീഷണർ സിദ്ദീഖിന്റെ നേതൃത്വത്തിൽ നല്ലളം ഇൻസ്പെക്ടർ കെ എ ബോസും സംഘവുമാണ് പിടികൂടിയത്.
ഫറോക്കിൽ അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ച കരിപ്പൂർ സ്വർണക്കടത്ത് കേസിലെ ചെർപ്പുളശേരി സംഘത്തിലെ മുഖ്യപ്രതി ചരൽ ഫൈസലിന്റെ സംഘാംഗം ആസിഫ് മാസങ്ങൾക്ക് മുമ്പ് ഗൾഫിൽ നിന്നും കടത്തിയ സ്വർണം ഉടമക്ക് നൽകാതെ തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിൽ ആസിഫിന്റെ സഹോദരീ ഭർത്താവ് ഫയാസിനെ ഗൾഫിൽ പിടികൂടി മർദിക്കുകയും ഭീഷണിപ്പെടുത്തി ആസിഫിനെ വിളിച്ചുവരുത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫയാസിനെ കരിപ്പൂരിൽ എത്തിച്ച് ചെർപ്പുളശേരിയിലെ വീട്ടിലേക്ക് പോകാൻ വാഹനവുമായി വരാൻ പറഞ്ഞ സംഘം ആസിഫ് കൂട്ടാൻ വരുമ്പോൾ പിടിച്ചുകൊണ്ടുപോയി സ്വർണം വീണ്ടെടുക്കാനായിരുന്നു പദ്ധതി. ഇതിനാണ് ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയത്. എന്നാൽ ആസിഫിന്റെ കൂടെ ഫൈസലും സുഹൃത്ത് മുനീറും വരികയും മുനീർ വാഹനത്തിൽനിന്നും ഇറങ്ങിയപ്പോൾ ആസിഫാണെന്ന് കരുതി കാറിൽ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. മുനീറിനെ കാറിൽ വച്ച് മർദിച്ച സംഘം ഫോട്ടോയെടുത്ത് സ്വർണം നഷ്ടപ്പെട്ട മലപ്പുറം സ്വദേശിക്ക് അയച്ചുകൊടുത്തപ്പോഴാണ് ആളുമാറിയത് അറിഞ്ഞത്. തുടർന്ന് മുനീറിനെ ആളൊഴിഞ്ഞ വഴിയിൽ ഉപേക്ഷിച്ചു. മുനീറിന്റെ പരാതിയിൽ നല്ലളം പൊലീസ് കേസെടുത്താണ് അറസ്‌റ്റുചെയ്‌തത്.
സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, എ കെ അർജുൻ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, നല്ലളം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം രവീന്ദ്രൻ, സീനിയർ സിപിഒമാരായ തഹ്സിം, വിനോദ് എന്നിവരാണ് അന്വേഷിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..