19 April Friday

പന്തലിച്ച്‌ വ്യവസായം

പി വിജയൻUpdated: Thursday Sep 17, 2020
കോഴിക്കോട്
നാലു വർഷത്തിനിടയിൽ തളിർത്തു പന്തലിച്ച്‌ വ്യവസായ സംരംഭങ്ങൾ. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്ന 2016 മുതൽ ജില്ലയിൽ തുടങ്ങിയത്‌  4731 സംരംഭക യൂണിറ്റുകൾ. ചുവപ്പുനാടകൾ ഒഴിവാക്കി ഏകജാലക സംവിധാനത്തിലൂടെ ചടുലമായി ലൈസൻസ്‌ നൽകിയാണ്‌ ഇത്രയും വലിയ നേട്ടം കൈവരിക്കാനായത്‌. ഇതിലൂടെ ജില്ലയിൽ നിക്ഷേപമായി  684.21 കോടി എത്തി. 18,682 പേർക്ക്‌ തൊഴിലവസരം പ്രദാനം ചെയ്യാനും വ്യവസായ വകുപ്പിന്റെ ഇടപെടിലൂടെ കഴിഞ്ഞു. 
കാർഷികാധിഷ്‌ഠിത സംരംഭങ്ങൾ, ഭക്ഷ്യസംസ്‌കരണ സംരംഭങ്ങൾ, പാദരക്ഷാ വ്യവസായങ്ങൾ, ബേക്കറി യൂണിറ്റുകൾ, ഗാർമെന്റ്‌ യൂണിറ്റുകൾ, ലൈറ്റ്‌ എൻജിനിയറിങ് വ്യവസായം, ഹോളോബ്രിക്‌സ്–- നിർമാണവസ്‌തു‌ യൂണിറ്റുകൾ, ഐടി സർവീസ്‌ യൂണിറ്റുകൾ, ഓട്ടോമൊബൈൽ വ്യവസായങ്ങൾ, ഫർണിച്ചർ യൂണിറ്റുകൾ, സേവന സംരംഭങ്ങൾ, വർക്ക്‌ ഷോപ്പുകൾ,  കയർ ഫൈബർ നിർമാണ യൂണിറ്റുകൾ, പ്ലാസ്‌റ്റിക്‌ ഉൽപ്പന്ന യൂണിറ്റുകൾ, പാലുൽപ്പന്ന സംരംഭങ്ങൾ തുടങ്ങി വിവിധ മേഖലകൾ വ്യവസായ വകുപ്പിന്റെ മേൽനോട്ടത്തിൽ സജീവമായി. കഴിഞ്ഞ വർഷം മാത്രം ജില്ലയിൽ 1162 സംരംഭങ്ങൾ ആരംഭിക്കുകയും 3730 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തു. 116 കോടിയുടെ  നിക്ഷേപവുമെത്തി. കൂടാതെ 210 പേർ സ്വന്തം നിലയിൽ രജിസ്‌റ്റർ ചെയ്‌ത്‌ സംരംഭങ്ങൾ ആരംഭിക്കുന്നുമുണ്ട്‌. അതുപ്രകാരം 36 കോടി രൂപയുടെ നിക്ഷേപവും 1200ഓളം തൊഴിലവസരവുമാണ്‌ പ്രതീക്ഷിക്കുന്നത്‌.
ഉണർവ്‌ പകരാൻ 
സത്വര ഇടപെടൽ
സംരംഭക മേഖലയിൽ ഉണർവു പകരാൻ സർക്കാർ സ്വീകരിച്ച നടപടികൾ നിരവധി.  ലൈസൻസുകളും അനുമതികളും ലഭിക്കാൻ അനാവശ്യ കാലതാമസം നേരിടുന്നതും അനുമതികൾ ലഭിക്കാതെ പോകുന്നതുമാണ്‌ സംരംഭകർ മുന്നോട്ടുവരാത്തതിന്‌ മുഖ്യകാരണമായിരുന്നത്‌. തടസ്സങ്ങൾ ഒഴിവാക്കി ലൈസൻസുകളും അനുമതികളും നൽകുന്ന നിയമങ്ങളുടെ സങ്കീർണതകൾ ഭേദഗതി ചെയ്‌ത്‌ ലളിതവും സുതാര്യവുമാക്കാനായി. അതിന്‌ വൻ നേട്ടമുണ്ടായി. നിരവധി സംരംഭകർ മുന്നോട്ടുവന്നു. 
    എല്ലാ ലൈസൻസുകളുടെയും പ്രാബല്യ കാലാവധി അഞ്ചു വർഷമായി നീട്ടി. പ്രതിവർഷം ലൈസൻസ് പുതുക്കേണ്ട സാഹചര്യം ഇല്ലാതായി. ഇത് സംരംഭകർക്ക് ഒരു തവണ നിയമപരമായ കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ അഞ്ചു വർഷത്തേക്ക് സംരംഭക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാക്കി.
ആശുപത്രി,  മെഡിക്കൽ ലാബുകൾ എന്നീ മെഡിക്കൽ സംരംഭങ്ങൾ ഒഴികെ മറ്റൊന്നിനും ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി ആവശ്യമില്ല. കൂടാതെ വ്യവസായ കെട്ടിടത്തിന്റെ വിസ്‌തീർണം 1500 ചതുരശ്ര മീറ്ററിൽ കൂടുന്നില്ലെങ്കിൽ നഗരാസൂത്രണ കാര്യാലയത്തിൽ നിന്നുള്ള അനുമതി ആവശ്യമില്ല. 1000 ചതുരശ്ര മീറ്ററിൽ കൂടില്ലെങ്കിൽ ഫയർ ആൻഡ് റസ്‌ക്യൂ അനുമതിയും വേണ്ട. ഇതെല്ലാം അനുമതികൾ എളുപ്പത്തിലും വേഗത്തിലും ലഭിക്കാൻ കാരണമായി.
നേട്ടമായത്‌ ഏകജാലകം
ഏകജാലക സംവിധാനം ഏർപ്പെടുത്തിയതാണ്‌ മറ്റൊരു നേട്ടം. 15 കോടി വരെ മുതൽമുടക്ക് വരുന്ന സ്ഥാപനങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രം മുഖേന ജില്ലാ സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിലും  അതിനു മുകളിൽ മുതൽമുടക്ക് വരുന്ന സ്ഥാപനങ്ങൾക്ക് കെഎസ്‌ഐഡിസി മുഖേന സംസ്ഥാന സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിലും  അപേക്ഷ സമർപ്പിക്കാം. ഇതുവഴി ഓരോ അനുമതിക്കും ഓരോ വകുപ്പിനെ സമീപിക്കേണ്ട അവസ്ഥ സംരംഭകന് ഒഴിവായിക്കിട്ടി. 30 ദിവസത്തിനകം സമയബന്ധിത അനുമതികൾ ഉറപ്പാക്കാനും സംയുക്ത ലൈസൻസ് ലഭിക്കാനും സാധിക്കുന്നു. നിയമപ്രകാരം സംരംഭം നടത്താനുദ്ദേശിക്കുന്ന ഏതൊരാൾക്കും അനുഗ്രഹമാണ് ഇതെല്ലാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top