24 April Wednesday

കെപിസിസി ജംബോ കമ്മിറ്റി: മുല്ലപ്പള്ളിയുടെ തട്ടകത്തിൽ പോര് രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

 

ഒഞ്ചിയം
 കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ തട്ടകമായ അഴിയൂർ ബ്ലോക്ക് കമ്മിറ്റിയിൽ കെപിസിസി പ്രഖ്യാപിച്ച ജംബോ കമ്മിറ്റിക്കെതിരെ പ്രതിഷേധം ശക്തം.
ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള ഒഞ്ചിയം, ഏറാമല മണ്ഡലം കമ്മിറ്റിയിലെയും  അഴിയൂർ മണ്ഡലം കമ്മിറ്റിയിലെയും ഭൂരിപക്ഷം ഭാരവാഹികളുമാണ് ജംബോ കമ്മിറ്റിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
 കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കെപിസിസി ഭാരവാഹി പട്ടികയിൽ  ഒഞ്ചിയം പഞ്ചായത്ത് സ്വദേശികളായ  അഡ്വ. ഐ മൂസ, സുനിൽ മടപ്പള്ളി എന്നിവരെ കെപിസിസി സെക്രട്ടറിമാരായി നോമിനേറ്റ് ചെയ്തതിൽ മുല്ലപ്പള്ളിയുടെ മാത്രം താൽപ്പര്യമാണെന്നാണ്‌ ആരോപണം.  
കഴിഞ്ഞ ദിവസം  മടപ്പള്ളിയിലെ ഒഞ്ചിയം മണ്ഡലം കമ്മിറ്റി ഓഫിസിൽ ഡിസിസി പ്രസിഡന്റായി ചാർജെടുത്ത യു രാജീവൻ പങ്കെടുത്ത യോഗം പ്രവർത്തകരുടെ പ്രതിഷേധം കാരണം മാറ്റിവച്ചു.
സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചെന്നാരോപിച്ച്‌ കോൺഗ്രസ്‌ ജനപ്രതിനിധികൾ വടകര ബ്ലോക്ക് ഓഫീസിനുമുന്നിൽ നടത്താൻ തീരുമാനിച്ച ധർണയും കടുത്ത ഗ്രൂപ്പിസത്തെ തുടർന്ന് മാറ്റിവച്ചിരുന്നു. 
യോഗ്യതയില്ലാത്തവരെ നേതൃസ്ഥാനത്ത് കൊണ്ടുവന്നത് പാർടിയെ ദുർബലപ്പെടുത്തുമെന്നാണ് മറുവിഭാഗത്തിന്റെ വിശദീകരണം. മണ്ഡലത്തിൽ ചില നേതാക്കളെ തഴഞ്ഞത് കെപിസിസി പ്രസിഡന്റിന്റെ  നടപടികളെ ചോദ്യംചെയ്തതിലാണെന്ന്‌ ഒരുവിഭാഗം പറയുന്നു.  
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഓർക്കാട്ടേരിയിൽ സംഘടിപ്പിച്ച മതേതര സംഗമത്തിൽനിന്ന്‌ പ്രവർത്തകർ വിട്ടുനിൽക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദേശം ഒരുവിഭാഗം അവഗണിച്ചത് നേരത്തെ വിവാദമായിരുന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ കോട്ടയിൽ രാധാകൃഷ്ണന്‌  മുല്ലപ്പള്ളി അന്ന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. 
മതേതര സംഗമത്തിൽ കോൺഗ്രസ്‌ പ്രവർത്തകരെ പങ്കെടുപ്പിച്ചെന്ന കുറ്റമായിരുന്നു  രാധാകൃഷ്‌ണനെതിരെ ചുമത്തിയത്.  
പ്രാദേശിക പ്രവർത്തനങ്ങളിൽപോലും  ബന്ധമില്ലാത്തയാളെ കെപിസിസി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെയാണ്‌ പ്രധാന പരാതി. മുല്ലപ്പള്ളിക്കെതിരെ നിരന്തരം പടനയിച്ച മൂസ മറുകണ്ടം ചാടി മുല്ലപ്പള്ളിയുടെ കൂടാരത്തിൽ എത്തിയതിനുള്ള ഉപകാരസ്മരണയാണ്‌ പുതിയ സ്ഥാനമെന്നാണ്‌ മറ്റൊരു വിമർശം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top