26 April Friday

നഗരത്തിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

വയനാട്​ റോഡിൽ ഇലക്​ട്രോണിക്സ്​ കടയുടെ പഴയ സാധനങ്ങൾ 
സൂക്ഷിക്കുന്നിടത്തുണ്ടായ തീപിടിത്തം

കോഴിക്കോട്​​

നഗരത്തിൽ വയനാട്​ റോഡിൽ ഇലക്​ട്രോണിക്സ്​ കടയുടെ പഴയ സാധനങ്ങൾ സൂക്ഷിക്കുന്നിടത്ത്‌ തീപിടിത്തം. അഗ്​നിരക്ഷാസേനയും ​പൊലീസും ചേർന്ന്​ ​ തീയണച്ചതോടെ വൻ ദുരന്തം ഒഴിവായി. ജില്ലാ കോൺഗ്രസ്‌ ഓഫീസിന്‌ സമീപമുള്ള മെറിഡിയൻ മാൻഷൻ  സമുച്ചയത്തിലെ പാർക്കിങ്‌ ഭാഗത്തായിരുന്നു‌ തീപിടിത്തം.  വയനാട്‌ റോഡിലെ  കണ്ണങ്കണ്ടി ഇ സ്​റ്റോറിലേക്ക്‌ എക്‌സ്‌ചേഞ്ചിനായി എത്തുന്ന പഴയ  ടിവിയും ഫ്രിഡ്ജുമടക്കമുള്ളവ സൂക്ഷിക്കുന്ന ഭാഗമാണിത്‌. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.  
സമുച്ചയത്തിലെ ദന്താശുപത്രി, ലേഡീസ്‌ ടൈലറിങ്‌ സെന്റർ, സഹകരണ ​സൊസൈറ്റി, ലബോറട്ടറി എന്നീ​ സ്ഥാപനങ്ങളിൽനിന്ന്​ ജീവനക്കാരെ മാറ്റി. സമീപത്തെ ഷിഫ യൂറോളജി  ആശുപത്രി‌ക്ക്‌ സമീപമാണ്‌ ആദ്യം തീപിടിച്ചത്‌.   ശസ്‌ത്രക്രിയ കഴിഞ്ഞ രോഗികൾ ഇവിടെയുണ്ടായിരുന്നു.  
ബ്ലോവർ ഉപയോഗിച്ച്​ പുക ഒഴിവാക്കിയാണ്​ തീയണച്ചത്​. പിറകുവശത്തെ ഇരുമ്പ്​ ഷട്ടറും ജനലും വാതിലുകളുമടക്കം പൂട്ടിയിരുന്നത്‌ രക്ഷാപ്രവർത്തനത്തിന്​ തടസ്സമായി. ഷട്ടർ പൊളിച്ചാണ്‌ തീയണച്ചത്‌. തീപിടിത്തമുണ്ടായാൽ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഇവിടെയില്ലെന്ന്‌ അഗ്​നിരക്ഷാസേന അറിയിച്ചു.  കാപ്പാട്​ സ്വദേശികളായ മുഹമ്മദലി, അബ്​ദുൽ റഷീദ്​, ഹുസൈൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ്​ ​കെട്ടിടം. 
ബീച്ച്​ സ്​റ്റേഷൻ ഓഫീസർ  പി സതീഷൻ, എൻ രമേശൻ, സദാനന്ദൻ കൊളക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ നാലും മീഞ്ചന്തയിലെ ഒന്നും യൂണിറ്റ്‌  സംഘങ്ങൾ തീയണയ്‌ക്കാനെത്തി. ടൗൺ പൊലീസ്​  അസി. കമീഷണർ പി ബിജുരാജ്​, സ്​പെഷ്യൽ ബ്രാഞ്ച്​ അസി. കമീഷണർ എ ഉമേഷ്​, എൽആർ തഹസിൽദാർ സി ശ്രീകുമാർ, ഡെപ്യൂട്ടി തഹസിൽദാർ ​കെ ഗായത്രി എന്നിവരും സ്ഥല​ത്തെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top