19 April Friday

പെൺമേളം

എം ജഷീനUpdated: Tuesday May 17, 2022

സ്വരലയ ശിങ്കാരി മേള സംഘം

കോഴിക്കോട്‌ 
പതിനൊന്ന്‌ വർഷംമുമ്പ്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ ഒരു പരിപാടിയിൽ ശിങ്കാരിമേളം കൊട്ടിക്കയറുമ്പോൾ  ചുറ്റും കൂടിയവരിലെല്ലാം അതിശയവും താളത്തിനൊപ്പം ഉയർന്ന്‌ കയറി. ചെണ്ടകൊട്ടൽ കേട്ടായിരുന്നില്ല, അത്‌, കേരള സാരിയും അതിന്‌ മുകളിൽ കോട്ടുമണിഞ്ഞ്‌ ആവേശത്തോടെ ഇലത്താളവും ചെണ്ടയും കൊട്ടുന്ന ശിങ്കാരി മേളക്കാരുടെ വേറിട്ട പ്രകടനം ആസ്വദിച്ചായിരുന്നു. പുതുമയുടെ ഈ പെൺതാളം ഇന്നും  ഉയരുന്നു,  ഡൽഹിയിലും മുംബൈയിലുമെല്ലാമെത്തി  പെൺസംഘത്തിന്റെ വിജയഭേരി.
2011 ൽ   വേറിട്ട ഉദ്യമം എന്ന രീതിയിൽ കുരുവട്ടൂർ പഞ്ചായത്ത്‌ കുടുംബശ്രീ സിഡിഎസിന്‌ കീഴിൽ ആരംഭിച്ചതാണ്‌ ‘സ്വരലയ’ വനിതാ ശിങ്കാരിമേള സംഘം.    ഇതിനകം 1500 ലധികം പരിപാടികൾ നടത്തി.   ചെന്നൈയിലും ഡൽഹിയിലുമെല്ലാം വിവിധ പരിപാടികളിൽ    22 അംഗ സംഘത്തിന്റെ മേളം ഉയർന്നിട്ടുണ്ട്‌. നിലവിൽ  നാഗർകോവിലിൽ നടക്കുന്ന  പരിപാടിയിൽ പങ്കെടുക്കാനായി യാത്രയിലാണ്‌ സംഘം. 
    കുരുവട്ടൂർ പഞ്ചായത്ത്‌ 11ാം വാർഡിന്റെ നേതൃത്വത്തിലാണ്‌ ശിങ്കാരിമേളം സംഘം രൂപീകരിച്ചത്‌. പിന്നീട്‌  പഞ്ചായത്ത്‌ തലത്തിലാക്കി വിപുലീകരിച്ചു. സുനിൽ കുമാർ പയിമ്പ്രയായിരുന്നു പരിശീലനം.  ആറ്‌ മാസശേഷം കോഴിക്കോട്‌ ബീച്ചിൽ ശുചിത്വ മിഷൻ വേദിയിൽ  ആദ്യകൊട്ടൽ.  മാസം 25 പരിപാടികൾവരെ കിട്ടും. ആശാവർക്കർമാരും വളന്റിയർമാരുമായവരടക്കമുള്ള അംഗങ്ങളുടെ  വരുമാനത്തിന്റെയും ആശ്രയമായി ‘സ്വരലയ’. കോവിഡിലെ പ്രതിസന്ധിക്ക്‌ ശേഷം വീണ്ടും ഉണർവിലേക്ക്‌ നീങ്ങുകയാണ്‌. ‘ഒരു   വെല്ലുവിളിയും ഈ ഉദ്യമവുമായി മുന്നോട്ട്‌ പോവുമ്പോൾ  നേരിട്ടിട്ടില്ല.  വിജയിക്കുമോ എന്നൊക്കെ ആദ്യകാലത്ത്‌ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ആ ചിന്തകളൊക്കെ തെറ്റായിരുന്നെന്ന്‌ തെളിയി‌ക്കാനായി’–- സംഘത്തിന്റെ നേതൃത്വത്തിലുള്ള ശ്രീജ പറമ്പിൽ പറഞ്ഞു.  കുടുംബശ്രീ സംസ്ഥാന കലാമേളയിൽ നാല്‌ തവണ ഒന്നാം സ്ഥാനം നേടിയ ‘സ്വരലയ’ക്ക്‌ 2018 ൽ മികച്ച സംരംഭത്തിനുള്ള ജില്ലാ പുരസ്‌കാരവും ലഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top