29 March Friday

മാലിന്യവാഹിനിയായി ചെറുപുഴ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

മാലിന്യം കലർന്ന് കറുപ്പ് നിറത്തിലൊഴുകുന്ന ചെറുപുഴ

ഫറോക്ക് 
ചാലിയാറിൽനിന്നുതുടങ്ങി കല്ലായിപ്പുഴയിൽ ചേരുന്ന  ചെറുപുഴയിൽ  മാലിന്യം നിറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയോളമായി വെള്ളത്തിന്‌ കറുപ്പ്‌ നിറമാണ്‌.   ചെറുതും വലുതുമായ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തുന്നു. ദുർഗന്ധത്താൽ സമീപവാസികളുടെ    ജീവിതംതന്നെ ദുസ്സഹമാകുന്നു. കൂടാതെ ത്വക്ക് രോഗങ്ങളും ഛർദിയും മനംപുരട്ടലുമുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളുമുണ്ട്‌.   പകർച്ചവ്യാധി ഭീഷണിയുമുണ്ട്. ചെറുപുഴയിലെത്തിയ മാലിന്യമിപ്പോൾ ചാലിയാറിലേക്കും കല്ലായിപ്പുഴയിലേക്കുമെത്തിയിരിക്കുകയാണ്.
   മഴ കനത്തത്തോടെ   ഞെളിയൻ പറമ്പിലെ മാലിന്യ സംഭരണ കേന്ദ്രത്തിൽനിന്ന്‌  സമീപത്തെ ഓടകളിലെത്തിയ മലിനജലമാണ് ചെറുതോടുകളും കനാലുകളുംവഴി ചെറുപുഴയിലെത്തിയത്‌. ഇത്‌ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. 
 കോർപറേഷൻ ചെറുവണ്ണൂർ, - നല്ലളം മേഖലയിലെ കൊളത്തറ ചുങ്കം മുതൽ  നല്ലളം അരീക്കാട് വരെയും ചെറുപുഴ ഇല്ലാതാവുകയാണ്‌.   ഒപ്പം ചാലിയാറിൽനിന്നും പുഴ തുടങ്ങുന്ന സ്ഥലം മുതൽ  നല്ലളത്തിന്റെ അതിർത്തിവരെയും  ഇരുകരകളിലേയും കിണറുകളുൾപ്പെടെയുള്ള   ജലസ്രോതസ്സുകളിൽ മലിനജലമെത്തുമെന്ന ആശങ്കയുണ്ട്‌.   
    കോട്ടുമ്മൽ, നല്ലളം, പൂളക്കടവ്, ആശാരിക്കടവ്, തൊണ്ടിലക്കടവ്, റഹിമാൻബസാർ,  മദ്രസ്സങ്ങാടി, കൊളത്തറ, കൊളത്തറ ചുങ്കം,  തുവ്വശ്ശേരിക്കടവ് തുടങ്ങിയ പ്രദേശത്തുള്ളവരെല്ലാം പുഴ മലിനമായതോടെ ആശങ്കയിലാണ്. പുഴയെ ആശ്രയിക്കുന്ന   ഉൾനാടൻ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്.  
     പ്രതിഷേധം കനത്തതോടെ അധികൃതരെത്തി പുഴയിലെ വെള്ളം ശേഖരിച്ച് വിശദ പരിശോധനക്കയച്ചു. വ്യവസായശാലകളിൽ നിന്നുള്ള  മാലിന്യം ഒഴുകിയെത്തുന്നുണ്ടോ എന്നുകൂടി പരിശോധിച്ച്‌ നടപടിയെടുക്കാനാണ് കോർപറേഷനും ജില്ലാ ഭരണവിഭാഗവും ആലോചിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top