20 April Saturday

സിസ്റ്റർ ലിനി അനുസ്മരണം 
21ന് പേരാമ്പ്രയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022
പേരാമ്പ്ര
ആതുരസേവനത്തിന്റെ ത്യാഗോജ്വല മാതൃക തീർത്ത സിസ്റ്റർ  ലിനി ഓർമയായിട്ട് നാലുവർഷം പിന്നിടുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിപാ ബാധിതനായ യുവാവിനെ ശുശ്രൂഷിക്കുന്നതിനിടയിലാണ് സിസ്റ്റർ ലിനി നിപാ ബാധിച്ച് മരിച്ചത്.  ലിനിയുടെ ഓർമകൾ ആതുരസേവനപാതയിലെ കെടാവിളക്കായി തെളിഞ്ഞു നിൽക്കുന്നുണ്ട്.
കേരള ഗവ. നഴ്സസ് അസോസിയേഷൻ ലിനി പുതുശേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സിസ്റ്റർ ലിനിയുടെ ചരമവാർഷികദിനം 21ന് പേരാമ്പ്രയിൽ സമുചിതമായി ആചരിക്കും. പകൽ മൂന്നിന് പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി ടൗൺ ഹാളിൽ ചേരുന്ന അനുസ്മരണ യോഗത്തിൽ കെജിഎൻഎ ലിനി ട്രസ്റ്റിന്റെയും കെജിഎസ്എൻഎയുടെയും ചികിത്സാസഹായ വിതരണം നടക്കും. 
പ്രസാധനരംഗത്തെ വനിതാ കൂട്ടായ്മ സമതയുടെ പുരസ്കാരം മരണാനന്തര ബഹുമതിയായി സിസ്റ്റർ ലിനിയുടെ കുടുംബത്തിന് സമർപ്പിക്കും. 
പരിപാടി വിജയിപ്പിക്കാൻ 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ എ ബിന്ദു അധ്യക്ഷയായി. ടി കെ ലോഹിതാക്ഷൻ, ടി പി കുഞ്ഞനന്തൻ, ട്രസ്റ്റ് കൺവീനർ എൻ വി അനൂപ്, കെ പി ഷീന, പ്രൊഫ. ശ്രീകുമാരി, എ എം അമൃത എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: പേരാമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ പ്രമോദ് (ചെയർമാൻ), ലിനി പുതുശേരി ചാരിറ്റബിൾ ട്രസ്റ്റ്‌ കൺവീനർ എൻ വി അനൂപ് (ജനറൽ കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top