കുന്നമംഗലം
പൂനൂര്‍ പുഴക്ക് കുറുകെയുള്ള പടനിലം പാലം നിര്‍മാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനും 7.16 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. 79 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പുതിയ പാലത്തിന് 1.5 മീറ്റര്‍ വീതിയിലുള്ള ഫുട്പാത്ത് ഉള്‍പ്പെടെ 9.5 മീറ്റര്‍ വീതിയാണുണ്ടാവുക. പടനിലം ഭാഗത്ത് 150 മീറ്റര്‍ നീളത്തിലും ആരാമ്പ്രം ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും നിർമിക്കും. ഒരു കോടി രൂപ ചെലവില്‍ പടനിലം ജങ്‌ഷൻ നവീകരിക്കുന്നതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഭൂ ഉടമകള്‍ക്ക് പണം കൈമാറി സ്ഥലം ഏറ്റെടുക്കുന്നതിനും സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ടെൻഡര്‍ ചെയ്യാനുമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി അഡ്വ. പി ടി എ റഹീം എംഎൽഎ പറഞ്ഞു.
2011ല്‍ പാലത്തിന് ഭൂമി ഏറ്റെടുക്കാന്‍ 50 ലക്ഷം രൂപയുടെയും 2018 ല്‍ നിര്‍മാണത്തിന് 5.5 കോടി രൂപയുടെയും ഭരണാനുമതി ലഭ്യമാക്കിയിരുന്നു. എങ്കിലും സ്ഥലം ഏറ്റെടുക്കുന്നതില്‍ വന്ന കാലതാമസം കാരണം പ്രവൃത്തി ടെൻഡര്‍ ചെയ്യാന്‍ സാധിച്ചില്ല. പാലം നിര്‍മിക്കുന്നതിന് കുന്നമംഗലം, മടവൂര്‍ വില്ലേജുകളിലായി 34.2 സെന്റ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഭൂ ഉടമകളില്‍നിന്ന് മുന്‍കൂറായി സ്ഥലം ലഭ്യമാക്കാന്‍ നാട്ടുകാരുടെ കമ്മിറ്റി ശ്രമം നടത്തിയിരുന്നെങ്കിലും ചിലർ സ്ഥലം നല്‍കാന്‍ തയ്യാറായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..