കോഴിക്കോട്
തീരദേശ ഹൈവേ യാഥാർഥ്യമാകുന്നത് ജില്ലയുടെ വിനോദസഞ്ചാര, മത്സ്യബന്ധന മേഖലകളുടെ വൻ മുന്നേറ്റത്തിന് വഴി തുറക്കും. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാത വരുന്നതോടെ വിദേശ, ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും. ജില്ലയിലെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന പാത മത്സ്യബന്ധനമേഖലയുടെ വികസനത്തിനും നിർണായകമാവും. കടലുണ്ടിക്കടവ്, ചാലിയം, ബേപ്പൂർ, ഗോതീശ്വരം, സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, വെള്ളയിൽ ബീച്ച്, കോരപ്പുഴ, കാപ്പാട് ബീച്ച്, കൊയിലാണ്ടി ബീച്ച്, തിക്കോടി ഡ്രൈവ് ഇൻ ബീച്ച്, പാറപ്പള്ളി, തിക്കോടി ലൈറ്റ് ഹൗസ്, കുഞ്ഞാലി മരക്കാർ മ്യൂസിയം, ഇരിങ്ങൽ സർഗാലയ ക്രാഫ്‌റ്റ് വില്ലേജ്, ഗോസായിക്കുന്ന് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളെയാണ് തീരദേശപാത ബന്ധിപ്പിക്കുന്നത്.
പാത ചരക്കുനീക്കത്തിനായുള്ള ബേപ്പൂർ തുറമുഖത്തേയും വെള്ളയിൽ, പുതിയാപ്പ, കൊയിലാണ്ടി, വടകര, ചോമ്പാല മത്സ്യബന്ധന തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്നു.
തിരുവനന്തപുരം പൊഴിയൂരിൽ നിന്ന് ആരംഭിച്ചു സംസ്ഥാന അതിർത്തിയായ മഞ്ചേശ്വരത്ത് അവസാനിക്കുന്ന പാത 645.19 കിലോമീറ്ററിൽ 15.6 മീറ്റർ വീതിയിലാണ് നിർമിക്കുക. 2026ൽ പ്രവൃത്തി പൂർത്തിയാകുമെന്നാണ് പ്രഖ്യാപനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..