20 April Saturday

കോവിഡ് വ്യാപനം: തിരക്ക്‌ 
കുറഞ്ഞ്‌ നഗരം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
കോഴിക്കോട് 
ഇടവേളയ്ക്ക്‌ ശേഷം കോവിഡ് വ്യാപനം വർധിച്ചതോടെ ജാഗ്രത വർധിപ്പിച്ചു. പ്രതിദിനം 1500ലധികം രോഗികൾ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ നഗരത്തിൽ നിയന്ത്രണം കർശനമാക്കി.  ഞായർ മുതൽ ബീച്ചിലും മാളുകളിലും നിയന്ത്രണം വർധിപ്പിച്ചു. സാധാരണ നിലയിൽ അവധി ദിവസങ്ങളിൽ ബീച്ചിലുണ്ടാവുന്ന ആൾക്കൂട്ടം ഉണ്ടായില്ല. ജനങ്ങൾ രോഗപ്രതിരോധത്തിന്റെ ഭാഗമായി അനാവശ്യ യാത്രകളും കൂട്ടംകൂടലും സ്വയം ഒഴിവാക്കുന്നുണ്ട്‌. 
ബീച്ചിലേക്ക്‌  വരുന്നവരെ സിഎച്ച്‌ മേൽപ്പാലത്തിനരികിൽനിന്ന്‌ കാര്യങ്ങൾ വിശദീകരിച്ച്‌ തിരിച്ചയക്കുകയായിരുന്നു. കടപ്പുറത്ത്‌ കൂട്ടംകൂടി നിന്നവരെയെല്ലാം ഒഴിപ്പിച്ചു. മാസ്ക് ധരിക്കാതെ എത്തിയവർക്കെതിരെ പൊലീസ്‌ നടപടി സ്വീകരിച്ചിട്ടുണ്ട്‌. വരും  ദിവസങ്ങളിലും പ്രതിരോധ നടപടികൾ കർശനമാക്കാനാണ്‌ പൊലീസിന്റെ തീരുമാനം. തിരക്ക് കൂടിയാൽ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കും. 
ജില്ലയിലെ വിനോദ കേന്ദ്രങ്ങളിലെല്ലാം ഞായർ തിരക്ക്‌ കുറവായിരുന്നു. നഗരത്തിലെ പ്രധാന കച്ചവടകേന്ദ്രങ്ങളിലും തിരക്ക്‌ കുറവായിരുന്നു. കോവിഡ്‌ ചട്ടം പാലിക്കണമെന്ന്‌ അഭ്യർഥിച്ച്‌ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ  പൊലീസ്‌ അനൗൺസ്മെന്റ് നടത്തി.
 
ജില്ലയിൽ 1643 കോവിഡ്, രോഗമുക്തി 415
കോഴിക്കോട്‌
സമ്പർക്കത്തിലൂടെ പോസിറ്റീവായ 1616 പേരുൾപ്പെടെ 1643 കോവിഡ്‌ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്‌തു. ഉറവിടമറിയാത്ത 11,  ഇതര സംസ്ഥാനത്ത്‌ നിന്നുള്ള11, അഞ്ച്‌ ആരോഗ്യ പ്രവർത്തകർ എന്നിവരും പട്ടികയിലുണ്ട്‌.
5,500 പേരെ പരിശോധനയ്‌ക്ക് വിധേയരാക്കിയപ്പോൾ 30.65 ശതമാനമാണ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. അതേസമയം, 415 പേർ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 10,529 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1,782 പേരുൾപ്പടെ 22,874 പേർ നിരീക്ഷണത്തിലുണ്ട് .  12,08,700 പേർ നിരീക്ഷണം പൂർത്തിയാക്കി. 4,543 കോവിഡ്‌ മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top