18 April Thursday

വീട്ടിലേക്ക്‌ പെട്രോൾ ബോംബെറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

ബോംബ് സ്ഫോടനത്തിൽ കേടുപാട് സംഭവിച്ച നടുക്കണ്ടി കുഞ്ഞിക്കലന്തറുടെ വീട്

പേരാമ്പ്ര
മുളിയങ്ങലിൽ അക്രമിസംഘം വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞു. സലഫി മസ്ജിദിനുസമീപം നടുക്കണ്ടി കുഞ്ഞിക്കലന്തറുടെ വീട്ടിലേക്ക് വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ്‌ ബോംബേറുണ്ടായത്‌. വീടിന്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി. വരാന്തയിലുള്ള കസേരകളും മറ്റും കത്തിനശിച്ചു. മുകൾനിലയിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ താഴെ വീണ് കുഞ്ഞിക്കലന്തറുടെ മകൻ ഹാഫിസ് മുഹമ്മദിന്റെ ഇരുകാലുകൾക്കും സാരമായി പരിക്കേറ്റു. റോഡിൽ നിന്ന്‌ ഓടിയെത്തിയ മത്സ്യവിതരണ തൊഴിലാളിയെ കണ്ടതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിൽനിന്ന് പുറത്തിറങ്ങുന്ന തങ്ങളെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമികൾ പതുങ്ങിനിന്നതെന്ന് വീട്ടുകാർ പരാതിപ്പെട്ടു. പേരാമ്പ്രയിൽനിന്ന്‌ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കുഞ്ഞിക്കലന്തറുടെ മകൻ ഹാഫിസ് മുഹമ്മദും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന പരസ്യ കമ്പനിക്ക് വിദേശത്തുനിന്ന് ലഭിക്കാനുള്ള ലക്ഷക്കണക്കിന് രൂപ കായണ്ണയിലെ മുസ്ലിംലീഗ് നേതാവും പഞ്ചായത്തംഗവുമായ പി സി ബഷീറിന്റെ മകൻ ബാസിം നുജുമിന്റെ വശം കൊടുത്തുവിടുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഹാഫിസും സുഹൃത്തുക്കളും കായണ്ണയിലെ ബാസിം നുജുമിന്റെ വീട്ടിൽപോയിരുന്നു. എന്നാൽ വീട്ടുടമ ബഷീർ ഇവരെ ചീത്തവിളിക്കുകയും കൈയേറ്റം ചെയ്യുകയുമുണ്ടായി. വീടാക്രമിച്ചെന്ന ബഷീറിന്റെ പരാതിയിൽ യുവാക്കൾക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുശേഷം ബാസിം നുജും ഹാഫിസ് മുഹമ്മദിനെ ഫോണിൽ വിളിച്ച് വീടാക്രമിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. 
ബോംബെറിഞ്ഞ സംഭവത്തിൽ സിപിഐ എം നൊച്ചാട് ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top