26 April Friday

വിദ്യാർഥികളുടെ കൂട്ടത്തല്ല്‌: 
പൊലീസ്‌ നടപടി ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
കൊടുവള്ളി
കൊടുവള്ളി ഹയർസെക്കൻഡറി സ്‌കൂളിന്റെയും കരുവൻപൊയിൽ ഹയർസെക്കൻഡറി സ്‌കൂളിന്റെയും യൂണിഫോമിലുള്ള വിദ്യാർഥികൾ സംഘം ചേർന്ന്‌  നടുറോഡിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസ്‌ നടപടി ആരംഭിച്ചു. ബുധൻ പകൽ ഒന്നരയോടെയാണ്‌ കൊടുവള്ളി ചുണ്ടപ്പുറത്ത്‌ സ്‌കൂൾ യൂണിഫോം ധരിച്ച വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്‌. നാട്ടുകാർ ഇടപെട്ടാണ്‌ വിദ്യാർഥികളെ പിരിച്ചുവിട്ടത്‌. വിദ്യാർഥികളുടെ കൂട്ടത്തല്ല്‌ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ ചർച്ചയായിരുന്നു. സംഘർഷത്തിന്റെ  വീഡിയോ പരിശോധിച്ച്‌  വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കുകൾ കസ്റ്റഡിയിലെടുത്തതായി എസ്‌ഐ കെ കെ രാജേഷ്‌ കുമാർ പറഞ്ഞു. 
സ്‌കൂളുകളെ 
അപകീർത്തിപ്പെടുത്താൻ ശ്രമം
കൊടുവള്ളി
ചുണ്ടപ്പുറത്ത്‌ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം മറയാക്കി സ്‌കൂളുകളെ  അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി  കൊടുവള്ളി, കരുവൻപൊയിൽ ഹയർസെക്കൻഡറി സ്‌കൂൾ പിടിഎയും അധ്യാപകരും വാർത്താസമ്മേളനത്തിൽ പറഞ്ഞു.  രണ്ട്‌ സ്‌കൂളുകളിലെയും ചില വിദ്യാർഥികൾ സംഘർഷത്തിൽ  ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സ്‌കൂളിന്‌ ഇതിൽ ഒരു പങ്കുമില്ല. ഒഴിവുകാലത്ത്‌  പ്രാദേശിക ടർഫുകളിൽ നടന്ന കളിയെ തുടർന്നുള്ള സംഘർഷമാണുണ്ടായത്‌.  സ്‌കൂളിനകത്തോ സ്‌കൂൾ പരിസരത്തോ നടക്കാത്ത സംഘർഷത്തിന്റെ പേരിൽ സർക്കാർ സ്‌കൂളിനെ തകർക്കാനുള്ള ശ്രമമാണ്‌ ചിലർ നടത്തുന്നതെന്നും ഇവർ പറഞ്ഞു. സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി നടപടി സ്വീകരിക്കും. രാഷ്‌ട്രീയ, സാമൂഹിക സംഘടനകളുടെ യോഗം ചേരുമെന്നും ഭാരവാഹികൾ പറഞ്ഞു. കൊടുവള്ളി ജിവിഎച്ച്‌എസ്‌എസ്‌ പ്രിൻസിപ്പൽ പി പി അബ്ദുൾ മജീദ്‌,  പിടിഎ പ്രസിഡന്റ്‌  മുഹമ്മദ്‌ കുണ്ടുങ്ങര, ടി പി അബ്ദുൾ മജീദ്‌, അബ്ദുൾ ബഷീർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top