19 March Tuesday
അഗ്രി ന്യൂട്രി ഗാര്‍ഡന്‍

ഒരുങ്ങുന്നു 63,300 
പോഷകോദ്യാനങ്ങൾ

സ്വന്തം ലേഖികUpdated: Saturday Oct 16, 2021
കോഴിക്കോട്‌                                          
ഓരോ വീടിനും വേണ്ട പോഷക സമൃദ്ധ പച്ചക്കറിയും പഴവർഗങ്ങളും ഇനി  സമീപത്തെ കൃഷിയിടത്തിൽനിന്ന്‌ വീട്ടിലെത്തും.    
ഗ്രാമങ്ങളെ പച്ചക്കറിയിൽ സ്വയം പര്യാപ്‌തമാക്കുന്ന കുടുംബശ്രീയുടെ  ‘അഗ്രി ന്യൂട്രി ഗാർഡൻ' പദ്ധതിക്കുള്ള ഒരുക്കം  അവസാന ഘട്ടത്തിൽ.  ഈ മാസം അവസാനത്തോടെ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നടക്കും   ജൈവ കാർഷിക പോഷകോദ്യാനങ്ങളിലൂടെ ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാനുള്ള  സംരംഭം പഞ്ചായത്തുകളിലാണ്‌ നടപ്പാക്കുന്നത്‌. 
     ഫാം ലൈവ് ലി ഹുഡ് പദ്ധതിയുടെ ഭാഗമായി ഓരോ വീട്ടിലും  പോഷകോദ്യാനങ്ങൾ സജ്ജീകരിക്കാൻ  തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌   ഓരോ വാർഡുകളിലും   ‘അഗ്രി ന്യൂട്രി ഗാർഡൻ' ആരംഭിക്കുന്നത്‌.  തക്കാളി, പാവൽ, ചീര, മത്തൻ, മല്ലി, പുതിന, വെണ്ട, വഴുതന, വെള്ളരി എന്നിവയിൽ ഏതെങ്കിലും അഞ്ചെണ്ണവും രണ്ടിനം ഫലവൃക്ഷങ്ങളുമാണ്  കൃഷിചെയ്യേണ്ടത്‌. 
     ഓരോ വാർഡിലും  50  കുടുംബങ്ങളെ  വീതം  തെരഞ്ഞെടുത്ത് ഒരു ക്ലസ്റ്റർ രൂപീകരിക്കും.  ഓരോ ഗുണഭോക്താക്കളും കുറഞ്ഞത് മൂന്നുസെന്റിൽ   കൃഷിചെയ്യണം. ഇത്തരത്തിൽ 1266 വാർഡുകളിലായി 63,000  പോഷകോദ്യാനങ്ങളുണ്ടാകും. കുടുംബശ്രീ  സംഘകൃഷികളെ ഇതിന്റെ ഭാഗമാക്കി വാർഡിൽ  25 സെന്റിൽ കൃഷിയിറക്കാനും ഉദ്ദേശിക്കുന്നു. ഇത്തരത്തിൽ   ജില്ലയിൽ   1266  മാതൃകാ തോട്ടങ്ങളും രൂപീകരിക്കും.     
   നവംബർ ആദ്യം വിത്ത്‌ വിതരണം നടക്കും. ഫലവൃക്ഷത്തൈകൾ സ്വയം കണ്ടെത്തണം.  കൃഷി വിജ്ഞാൻ കേന്ദ്രവഴി തെരഞ്ഞെടുത്ത കർഷകർക്ക്‌ പരിശീലനംനൽകും. ഇവർവഴി താഴേ തട്ടിലേക്ക്‌ പരിശീലനം വ്യാപിപ്പിക്കും.  ഗാർഹികാവശ്യങ്ങൾക്കായി മാറ്റിവച്ചതിനുശേഷം അധികമായിവരുന്ന കാർഷികോൽപ്പന്നങ്ങൾ കുടുംബശ്രീ നാട്ടുചന്തകൾ, കൃഷി ഭവൻ വഴിയുള്ള വിപണന കേന്ദ്രങ്ങൾ  എന്നിവവഴി വിറ്റഴിക്കും. നിലമൊരുക്കൽ, വിത്തിടൽ, വളപ്രയോഗം, വിളപരിപാലനം എന്നിവയിൽ പരിശീലനം ലഭ്യമാക്കും. അവലോകനത്തിന്‌  ജില്ലാ, പഞ്ചായത്ത്‌, വാർഡ്‌  തലത്തിൽ ജനപ്രതിനിധികളെ  ഉൾപ്പെടുത്തി സംഘാടക  സമിതിയും രൂപീകരിക്കും.  പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ അതത്‌ സിഡിഎസുമായി ബന്ധപ്പെടണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top