08 December Friday

ലേബലില്ലാത്ത 
ശർക്കര പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

നിരോധിത ശർക്കര കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ 
കടകളിൽ പരിശോധന നടത്തുന്നു

കോഴിക്കോട്‌ 
കൃത്രിമ നിറം ചേർത്ത നിരോധിത ശർക്കര വിൽപ്പന തടയുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ്‌ നടത്തിയ പരിശോധനയിൽ നാല്‌ കടകളിൽനിന്നായി ലേബൽ ഇല്ലാതെ സൂക്ഷിച്ച 360 കിലോഗ്രാം ശർക്കര പിടികൂടി. കൃത്രിമ നിറം കലർത്തിയ ശർക്കര ജില്ലയിൽ വ്യാപകമായി  വിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ  ഉൽപ്പാദകന്റെ മേൽവിലാസം ഇല്ലാത്ത ശർക്കര വിൽക്കുന്നതും സൂക്ഷിക്കുന്നതും  നിരോധിച്ചിരുന്നു. അടിവാരം,  ഈങ്ങാപ്പുഴ,  താമരശേരി, കുന്നമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ അസി.കമീഷണർ എ സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്‌ നടപടി.  
 കർണാടകത്തിൽനിന്ന്‌ എത്തിച്ച ശർക്കരയാണ്‌ പിടികൂടിയതിൽ ഏറെയും.  ഇവയുടെ സാമ്പിൾ പരിശോധനയ്‌ക്കായി കോഴിക്കോട് സർക്കാർ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. പരിശോധനയിൽ കൃത്രിമ നിറം കണ്ടെത്തിയാൽ കച്ചവടക്കാർക്കെതിരെ  കേസെടുക്കും. കൃത്രിമ നിറമില്ലാത്തതാണെങ്കിലും ലേബൽ ഇല്ലാത്ത ശർക്കര സൂക്ഷിച്ചതിന് ആർഡിഒ കോടതിയിൽ കേസ് ഫയൽചെയ്യും. വ്യാപാരികൾ ലേബൽ വിവരം ഉള്ള ശർക്കര മാത്രമേ  വിൽപ്പനയ്‌ക്കായി സൂക്ഷിക്കാവൂ എന്ന്‌ നേരത്തെ ഉത്തരവിട്ടിരുന്നു.  
തിരുവമ്പാടി സർക്കിൾ  ഭക്ഷ്യസുരക്ഷാ ഓഫീസർ എ പി അനു,   കൊടുവളളി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ ടി രേഷ്മ, കുന്നമംഗലം ഭക്ഷ്യസുരക്ഷാ ഓഫീസർ രഞ്ജിത് പി  ഗോപി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
-----
-----
 Top