കോഴിക്കോട്
കോഴിക്കോട് ജില്ലയിൽ നിപായുടെ ആവർത്തനത്തിന് ഇടയാക്കുന്ന കാരണങ്ങൾ കണ്ടെത്താൻ പഠനവും ഗവേഷണങ്ങളുമില്ലെന്ന പ്രചാരണം വസ്‌തുതാവിരുദ്ധം. പുണെ എൻഐവിയിലെ ശാസ്‌ത്രജ്ഞരുടെ സംഘവും സംസ്ഥാന മൃഗ സംരക്ഷണ ഉദ്യോഗസ്ഥരുമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. വവ്വാലിന്റെ പ്രജനന കാലത്തുൾപ്പെടെ നിരീക്ഷണവും സ്രവ പരിശോധനയും ഉണ്ടായിട്ടില്ലെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് വസ്‌തുത.
ഡോ. ഉല്ലാസ്, ഡോ. കണ്ണൻ, വനംവകുപ്പിലെ ഡോ. അരുൺ സത്യൻ എന്നിവരുടെ നേതൃത്വത്തിൽ കൊടിയത്തൂർ, മാനിപുരം, മണാശേരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് അവസാനമായി പരിശോധിച്ചത്. വവ്വാലുകളുടെ വർധന, ആവാസവ്യവസ്ഥയിലെ മാറ്റം തുടങ്ങിയ കാര്യങ്ങളാണ് പഠിച്ചത്. ആറുമാസത്തിനകം സ്രവ സാമ്പിൾ ശേഖരിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും നിപാ വ്യാപനമുണ്ടായത്.
നിപായ്‌ക്കുശേഷം ആറുമാസത്തെ ഇടവേളകളിൽ സംസ്ഥാനത്തെ ഏതെങ്കിലും ജില്ലകളിൽ എൻഐവി സംഘം പരിശോധന നടത്താറുണ്ടെന്ന് അസിസ്റ്റന്റ് ഫോറസ്‌റ്റ് വെറ്ററിനറി ഓഫീസറായിരുന്ന ഡോ. അരുൺ സത്യൻ പറയുന്നു. കോഴിക്കോട് ജില്ലയിൽ മൂന്നുതവണ സാമ്പിൾ പരിശോധന നടത്തി. കോവിഡ് രൂക്ഷമായകാലത്ത് എൻഐവി പ്രതിനിധികൾക്ക് എത്താനാവാത്തതിനാൽ രണ്ടുതവണ സ്രവ സാമ്പിൾ ശേഖരിക്കാനായില്ല. അതീവ സുരക്ഷാക്രമീകരണം വേണ്ട ഈ പ്രകിയയ്ക്ക് എൻഐവിയ്‌ക്ക് മാത്രമാണ് അനുമതിയെന്നും അദ്ദേഹം പറഞ്ഞു.
2018 മുതൽ വനംവകുപ്പ് ജില്ലയിൽ വവ്വാലുള്ള പ്രദേശങ്ങളും എണ്ണത്തിലെ വർധനയും നിരീക്ഷിക്കുന്നുണ്ട്. വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഏകോപനത്തിൽ സ്ഥിരസംവിധാനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിൽ വനംവകുപ്പിൽ ഡെപ്യൂട്ടേഷനിലാണ് വെറ്ററിനറി ഉദ്യോഗസ്ഥന്റെ സേവനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..