26 April Friday

ഫയലുകളെ ‘പറത്താൻ’ ആപുമായി പ്രണവും വിനായകും

സ്വന്തം ലേഖികUpdated: Wednesday Sep 16, 2020
കോഴിക്കോട‌്
ഫോണുകളിൽ ഫയലുകൾ കൈമാറാൻ സഹായിച്ച ചൈനീസ‌് ആപ്പുകൾ പോയാലെന്താ, ദേ എത്തി നല്ല ‘നാടൻ’ ആപ്. അതും ഏറ്റവും സുരക്ഷിതമായി ‘ഒരു തരി’ ഡാറ്റ പോലും  ഉപയോഗിക്കാത്ത എക‌്സ‌് ഡ്രോപ‌് ആപ‌്. തീരുന്നില്ല പ്രത്യേകത, ആപ്‌ ഒരുക്കിയത‌് രണ്ട‌് ബിരുദ വിദ്യാർഥികളാണ‌്. കോഴിക്കോട്ടുകാരായ പ്രണവ‌് ആർ നമ്പ്യാരും വിനായക‌്  സംഗീതും. 
രണ്ടാഴ‌്ച മുമ്പ്‌ പുറത്തിറക്കിയ ആപ്‌ പ്ലേ സ‌്റ്റോറിൽ ഇതിനകം അഞ്ഞൂറോളം പേർ ഡൗൺലോഡ‌് ചെയ‌്തു. കോവിഡ‌് കാലത്തെ ഓൺലൈൻ പഠനമാണ‌് ഇരുവരെയും എക‌്സ‌് ഡ്രോപ‌് കണ്ടുപിടിത്തത്തിൽ എത്തിച്ചത‌്. എക‌്സെൻഡർ പോലുള്ള ചൈനീസ‌് ആപ്പുകൾ നിരോധിച്ചതോടെ പാഠ്യവിഷയവുമായി ബന്ധപ്പെട്ട‌് ഒരുപാട‌് ഫയലുകൾ ഫോൺ വഴി അയക്കാൻ ബുദ്ധിമുട്ട‌് നേരിട്ടു. 
അങ്ങനെയാണ‌് പകരമൊരു ആപ്‌ നിർമിക്കാൻ ഇരുവരും ആലോചിച്ചത‌്. കോട്ടൂളിയിൽ താമസിക്കുന്ന പ്രണവും പന്നിയങ്കരയിലെ വിനായകും ഫോണിലൂടെ ചർച്ചചെയ‌്താണ‌് ആപ്‌ വികസിപ്പിച്ചത‌്. വളരെ വേഗത്തിൽ സിനിമ, സംഗീതം ഉൾപ്പെടെയുള്ള ഫയലുകൾ ഇതുവഴി അയക്കാനാവും. ഡാറ്റ തീരെ ഉപയോഗിക്കാത്തതിനാൽ സ്വകാര്യതയും സുരക്ഷിതത്വവും നൂറ‌് ശതമാനം ഉറപ്പാണെന്നും പ്രണവ‌് പറയുന്നു. സെക്കൻഡറിൽ 490 എംബി സ‌്പീഡിൽ ഫയലുകൾ അയക്കാം. 
ഈ സംരംഭത്തിൽ നിക്ഷേപകരാവാൻ താൽപ്പര്യമറിയിച്ച്‌ പല കമ്പനികളും മുന്നോട്ട‌ുവന്നതായി ഇവർ പറയുന്നു. കംപ്യൂട്ടറിൽനിന്ന്‌ ഫയലുകൾ അയക്കാനുള്ള ആപ‌് കൂടി വികസിപ്പിക്കാനുള്ള നീക്കത്തിലാണ‌് ഇരുവരും. ഇതിനുശേഷം ഒരു കമ്പനിയായി മുന്നോട്ടുപോ കാനാണ‌് ആലോചിക്കുന്നത‌്. 
കോട്ടൂളി സ്‌കൈലൈൻ ഗാർനെറ്റിലെ ഡോ. രാധേഷ‌് നമ്പ്യാരുടെയും ഡോ. ഉമയുടെയും മകനായ പ്രണവ‌് ബംഗളൂരുവിലെ അമൃത എൻജിനിയറിങ‌് കോളേജിൽ മൂന്നാംവർഷ കംപ്യൂട്ടർ സയൻസ‌് വിദ്യാർഥിയാണ‌്. ഇതേ കോളേജിൽ ഇലക‌്ട്രോണിക‌്സ‌് വിഭാഗം വിദ്യാർഥിയാണ‌് പന്നിയങ്കരയിലെ സംഗീത‌് ശ്രീപുരത്തിന്റെയും കവിതയുടെയും മകനായ വിനായക‌്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top