25 April Thursday

കർശന നിയന്ത്രണം; അകലമാണ്‌ രക്ഷ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
സ്വന്തം ലേഖകൻ
കോഴിക്കോട്‌ 
കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി കലക്ടർ സാംബശിവ റാവു ഉത്തരവിറക്കി. 1897ലെ പകർച്ചവ്യാധി തടയൽ നിയമപ്രകാരവും 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്‌ഷൻ 26, 30, 34 പ്രകാരവും ക്രിമിനൽ നടപടി നിയമം സെക്‌ഷൻ 144 (1), (2), (3) പ്രകാരവുമാണ് നിയന്ത്രണങ്ങൾ. 
മാർക്കറ്റുകൾ, മാളുകൾ, ഫ്ലാറ്റുകൾ, വിവാഹം, ശവസംസ്‌കാരം തുടങ്ങി ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽനിന്നാണ് രോഗവ്യാപനമെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഉത്തരവ്.
ശ്രദ്ധിക്കുക... പാലിക്കുക  
വിവാഹത്തിലും അനുബന്ധ ചടങ്ങുകളിലും അമ്പതിലേറെപേർ പങ്കെടുക്കരുത്. ഒരേസമയം 20 പേരിലധികം ഒത്തുചേരാനും പാടില്ല. മരണാനന്തര ചടങ്ങുകളിലും 20ലേറെ പേർ പങ്കെടുക്കരുത്. ഇത്തരം ചടങ്ങുകൾ സംബന്ധിച്ച വിവരം വാർഡ് ദ്രുതകർമസേന(ആർആർടി)യെ അറിയിക്കണം. പൊലീസ്‌ അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ, ധർണകൾ, ഘോഷയാത്രകൾ, മറ്റു പ്രക്ഷോഭ പരിപാടികൾ എന്നിവ നിരോധിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കൊയിലാണ്ടി, ചോമ്പാല ഹാർബറുകളുടെ പ്രവർത്തനം നിരോധിച്ചു. 
അന്തർജില്ലാ യാത്രകൾ ആർആർടിയെ അറിയിക്കണം 
കണ്ടെയിൻമെന്റ് സോണുകളിലെ ‘കീം’ പരീക്ഷാ സെന്ററുകളിലേക്ക് വിദ്യാർഥികൾക്ക് യാത്രാനുമതി ഉണ്ടായിരിക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റ് ഹാജരാക്കിയാൽ മതി. പൊതുഇടങ്ങളിലും ജോലിസ്ഥലത്തും ഷോപ്പിങ് സെന്ററുകളിലും മാളുകളിലും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നെന്നും സാമൂഹികഅകലം പാലിക്കുന്നെന്നും പൊലീസ് സ്‌ക്വാഡുകൾ ഉറപ്പാക്കണം. നിബന്ധന ലംഘിച്ചാൽ തഹസിൽദാരുടെ നിർദേശമനുസരിച്ച്   സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങൾ  സ്വീകരിക്കണം.
രാത്രി 10 മുതൽ രാവിലെ അഞ്ചുവരെ രാത്രി കർഫ്യൂ കർശനമായി നടപ്പാക്കും. ‘ബ്രേക് ദ ചെയിൻ' ഉറപ്പാക്കാൻ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്കായി സോപ്പും വെള്ളവും സാനിറ്റൈസറും പ്രവേശന കവാടത്തിൽ സജ്ജീകരിക്കണം. കൂടാതെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പൊലീസ്‌ നിരീക്ഷണവുമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top