താമരശേരി> താമരശേരി ഈങ്ങാപ്പുഴയിലെ ജൈവവൈവിധ്യ പാർക്കിൽ പുതിയ ഇനം പക്ഷികളെ കണ്ടെത്തി. ലോക ദേശാടനപക്ഷി ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് സാമൂഹ്യവനവൽക്കരണ വിജ്ഞാന വിഭാഗം, കോഴിക്കോട് ബേഡേഴ്സ്, കാക്കവയൽ വനസംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർവേയിലാണ് വിവിധയിനം പക്ഷികളെ കണ്ടെത്തിയത്. മാക്കാച്ചിക്കാട (Sri Lanka Frogmouth), രാച്ചാങ്ങൻ (Jerdon's Nightjar) പുള്ളിച്ചിലപ്പൻ (Puff throated Babbler), തീക്കാക്ക (Malabar Trogon) എന്നിവ ഉൾപ്പെടെ 35 ഇനം പക്ഷികളെ കണ്ടെത്തി.
മാക്കാച്ചിക്കാടയെ ആദ്യമായാണ് ഇവിടെ കണ്ടെത്തുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് 38 പേർ ചേർന്നാണ് സർവേ പൂർത്തീകരിച്ചത്. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ ഉദ്‌ഘാടനംചെയ്തു. എബ്രഹാം അധ്യക്ഷനായി. ഫോറസ്റ്റ് ഓഫീസർമാരായ ടി സുരേഷ്, എം ആർ സുരേഷ്, ആൻസി ഡയാന, ഭവ്യ ഭാസ്കർ, പക്ഷിനിരീക്ഷകരായ വി കെ മുഹമ്മദ് ഹിറാഷ്, എംപി സുബൈർ, യദു പ്രസാദ് എന്നിവർ നേതൃത്വംനൽകി. കൊടുവള്ളി ഗവ. കോളേജ് സുവോളജി വിദ്യാർഥികളും വനംവകുപ്പ് ജീവനക്കാരും സർവേയിൽ പങ്കാളികളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..