18 April Thursday

ഓടിത്തളരണം 
സിഎൻജി നിറയ്‌ക്കാൻ

വി വി രഗീഷ്Updated: Thursday Mar 16, 2023

കക്കട്ട് അമ്പലക്കുളങ്ങരയിലെ സിഎൻജി പമ്പിനു മുന്നിൽ ഇന്ധനം നിറയ്‌ക്കാനെത്തിയ ഓട്ടോറിക്ഷകൾ

 
വടകര
സിഎൻജി ഓട്ടോറിക്ഷകൾ ഇന്ധനം നിറയ്‌ക്കാൻ ഇടമില്ലാതെ നെട്ടോട്ടമോടുന്നു. റീഫില്ലിങ് സ്റ്റേഷനുകളുടെ അഭാവവും ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതുമാണ് ദുരിതമാകുന്നത്‌. ജില്ലയിൽ 12 സിഎൻജി പമ്പുകൾ മാത്രമാണുള്ളത്‌. ഇതിൽ കോഴിക്കോട്‌ നഗരത്തിലും പരിസരങ്ങളിലുമായി അഞ്ച്‌ പമ്പുകൾ. ഈങ്ങാപ്പുഴ, രാമനാട്ടുകര, ഉള്ള്യേരി, ചേമഞ്ചേരി, കുറ്റ്യാടി, കക്കട്ടിൽ, ഉണ്ണികുളം എന്നിവിടങ്ങളിലാണ്‌ മറ്റ്‌ പമ്പുകൾ. വടകര താലൂക്കിൽ കുറ്റ്യാടിയിലും കക്കട്ടിൽ അമ്പലക്കുളങ്ങരയിലുമാണ് പമ്പുള്ളത്. കുറ്റ്യാടിയിലെ കെഎഎം ഫ്യുയൽസ് ജനുവരി മുതൽ ഡിസ്പെൻസർ തകരാറിലായി പ്രവർത്തനരഹിതമാണ്. അമ്പലക്കുളങ്ങരയിലെ പമ്പിന്റെ കംപ്രസർ രണ്ടുദിവസമായി തകരാറിലാണ്‌. 
2500 വാഹനങ്ങളെങ്കിലും താലൂക്കിൽ സിഎൻജി ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. ദിവസവും 30 കിലോമീറ്റർ സഞ്ചരിച്ച് ഉള്ള്യേരി, കൂത്തുപറമ്പ്, പയ്യോളി, ചേമഞ്ചേരി എന്നിവിടങ്ങളിലെത്തിയാണ് ഇന്ധനം നിറയ്‌ക്കുന്നത്. ചില ദിവസങ്ങളിൽ ഓട്ടവും കൂലിയും കളഞ്ഞ്‌ പമ്പുകളിൽ മണിക്കൂറുകൾ കാത്തിരിക്കണം. ഇന്ധനം ലഭിക്കാതെ തിരിച്ചുപോരേണ്ട സാഹചര്യവുമുണ്ടാകാറുണ്ട്‌.
പ്രകൃതിസൗഹൃദമാണെന്നതും വിലക്കുറവുമാണ് തൊഴിലാളികളെ സിഎൻജിയിലേക്ക് ആകർഷിച്ചത്. എന്നാൽ സിഎൻജി വില ഒരു വർഷത്തിനിടെ ഇരട്ടിയിലേറെയായി. കിലോവിന് 91 രൂപയാണ്‌ വില. യൂണിയൻ ഇടപെട്ടാണ് അമിതവില വർധന ഒഴിവാക്കിയെടുത്തത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ സഹകരണത്തോടെ അദാനി ഗ്രൂപ്പാണ് സിഎൻജി വിതരണംചെയ്യുന്നത്. ഗെയിൽ പൈപ്പ് ലൈൻ വഴി എകരൂരിലെ പ്ലാന്റിൽനിന്നാണ് ഇന്ധനം പമ്പുകളിൽ എത്തിക്കുന്നത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top