വളയം
കളിക്കളങ്ങൾ മാഞ്ഞില്ലാതാകുമ്പോൾ പുതുതലമുറക്ക് കളിച്ചുവളരാൻ 40 സെന്റ് ഭൂമി സമർപ്പിച്ച് പ്രണവം. ജനകീയ കൂട്ടായ്‌മയിലൂടെ സ്വന്തമാക്കിയ മണ്ണിൽ പുത്തൻ കളിക്കളം ഒരുങ്ങുകയാണ്. സ്‌റ്റേഡിയത്തിനായി സ്വരുക്കൂട്ടിയ നിധിയിലേക്ക് മികച്ച യൂത്ത് ക്ലബ്ബിനുള്ള പുരസ്‌കാരമായി ലഭിച്ച മുക്കാൽ ലക്ഷം രൂപയും പ്രണവം പ്രവർത്തകർ ചേർത്തുവച്ചു. നെഹ്റു യുവകേന്ദ്രയുടെ മികച്ച യുവജന സംഘടനക്കുള്ള പുരസ്കാരമാണ് വളയം അച്ചംവീട് പ്രണവം ക്ലബ്ബിനെ തേടിയെത്തിയത്. 75,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള 25,000 രൂപയുടെ പുരസ്‌കാരവും ക്ലബ്ബിനാണ്.
1996ൽ സ്ഥാപിതമായ പ്രണവം ജീവകാരുണ്യരംഗത്താണ് ശ്രദ്ധയൂന്നുന്നത്. കിടപ്പുരോഗികൾക്ക് സാന്ത്വന പരിചരണം, വീൽ ചെയർ–- ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കൽ, ജീവിതശൈലീ രോഗത്തിന് സൗജന്യ പരിശോധന എന്നിങ്ങനെ നീളുന്നു പ്രവർത്തന വൈവിധ്യം. മരണവീടുകളിലേക്ക് വാടക സാധനങ്ങൾ സൗജന്യമായി എത്തിക്കുന്നു. നിർധനർക്ക് ഭക്ഷ്യക്കിറ്റുകളും ലഭ്യമാക്കുന്നു. സംസ്ഥാനത്ത് ആദ്യമായി ദീപ ജോസെന്ന വനിത ആബുലൻസിന്റെ വളയം പിടിച്ചത് പ്രണവത്തിന് വേണ്ടിയായിരുന്നു.
പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ളതാണ് വിശാലമായ ലൈബ്രറി. ക്ലബ് ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ വിദ്യാഭ്യാസ, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഒരു കുടുംബത്തിന് വീട് നിർമിച്ച് നൽകാനും ക്ലബ് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..