കോഴിക്കോട്
തെങ്ങുകയറാൻ ആളെ കിട്ടുന്നില്ലെന്ന പരാതിയാണ് നാട്ടിലാകെ. പരിഹാരം തേടിയാണ് അശ്വിൻ പി കൃഷ്‌ണ ഇറങ്ങിയത്. രണ്ട് വർഷങ്ങൾക്കിപ്പുറം തേങ്ങ ഇടാൻ മാത്രമല്ല, തെങ്ങിന്റെ മണ്ടയിൽ കീടനാശിനി തളിക്കാവുന്ന കോക്കോബോട്ട് ഒരുക്കിയാണ് അശ്വിൻ ദൗത്യം പൂർത്തിയാക്കിയത്. ജെഡിടി പോളിടെക്‌നിക്ക് മൂന്നാം വർഷ വിദ്യാർഥിയായ അശ്വിൻ നിർമിച്ച മൊബൈൽ നിയന്ത്രിത നാളികേര വിളവെടുപ്പ് റോബോട്ട് ‘കോക്കോബോട്ട്’ ഉടൻ വിപണിയിലെത്തും.
ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന കുഞ്ഞുറോബോട്ട് സംവിധാനമാണ് ‘കോക്കോബോട്ട്’. രണ്ടുമിനിറ്റുകൊണ്ട് തെങ്ങിൻമുകളിലെത്തും. ക്യാമറ ഘടിപ്പിച്ച അഞ്ച് റോബോട്ടിക് കൈകൾ വഴി എടുക്കുന്ന ചിത്രങ്ങൾ സെർവറിൽ ശേഖരിക്കും. ഇളനീർ ആണോ തേങ്ങയാണോ എന്ന് പ്രൊസസർ പരിശോധിക്കും. തുടർന്ന്, ബ്ലേഡ് ഘടിപ്പിച്ച റോബോട്ട് കൈകൾകൊണ്ട് തേങ്ങയിടും. ഇത് 10 മിനിറ്റിൽ പൂർത്തിയാക്കും. തെങ്ങിന്റെ രോഗങ്ങൾ പ്രൊസസർ വഴി കണ്ടെത്തി കീടനാശിനി തളിക്കാനാവും. ബാറ്ററി ചാർജ് ചെയ്‌താൽ നാല്–-അഞ്ച് മണിക്കൂർ ഉപയോഗിക്കാം. കൺട്രോളർ വഴി നിർദേശം നൽകിയാൽ ഇളനീരും ഇടും.
അശ്വിൻ പ്ലസ്‌ടു വിദ്യാർഥിയായിരിക്കെ നിർമിച്ച ഊർജലാഭമുള്ള ചെലവുകുറഞ്ഞ എയർ കണ്ടീഷണർ എൻസിഇആർടിയുടെ ദേശീയ ശാസ്‌ത്രപ്രദർശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോക്കോബോട്ടിന് കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ രണ്ടുലക്ഷം രൂപ ധനസഹായം ലഭിച്ചു. ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി ചെന്നൈയിൽ ജോലി ലഭിച്ചിട്ടുണ്ടെങ്കിലും കോക്കോബോട്ട് സ്‌റ്റാർട്ടപ്പായി വികസിപ്പിച്ച് വിപണിയിലിറക്കാനാണ് താൽപ്പര്യം. കാർഷിക വികസന ക്ഷേമവകുപ്പ് അടുത്തിടെ നടത്തിയ വൈഗ അഗ്രിഹാക്കത്തോണിൽ അശ്വിനും സംഘവും അവതരിപ്പിച്ച കോക്കോബോട്ട് ഒന്നാംസ്ഥാനം നേടിയിരുന്നു. പൂവാട്ടുപറമ്പ് സ്വദേശിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..