കോഴിക്കോട്
തീരദേശ ദേശീയപാതയ്‌ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് പാക്കേജ് പ്രഖ്യാപിച്ചതോടെ ജില്ലയിലെ പ്രവൃത്തികൾ അതിവേഗത്തിലാകും. ജില്ലയിൽ 13 റീച്ചുകളിലായി 83 കിലോമീറ്ററിലാണ് തീരദേശപാത. വടകര, കൊയിലാണ്ടി, എലത്തൂർ, കോഴിക്കോട് നോർത്ത്, സൗത്ത്, ബേപ്പൂർ മണ്ഡലങ്ങളിലൂടെ കടന്നുപോകും. ഭൂമി വിട്ടുനൽകുന്നവർക്ക് സ്ഥലത്തിന്റെയും അതിലെ കെട്ടിടങ്ങളുടെയും മൂല്യം കണക്കാക്കി ഇരട്ടി തുകയോളം നഷ്ടപരിഹാരം നൽകുന്നതാണ് പാക്കേജ്. പുനരധിവാസത്തിന് ഫ്ലാറ്റോ അതല്ലെങ്കിൽ ഒറ്റത്തവണ നഷ്ടപരിഹാരമോ പാക്കേജിൽ ഉൾപ്പെടുന്നുണ്ട്. മിക്ക റീച്ചുകൾക്കും കഫ്‌ബിയുടെ അനുമതിയായി.
ഒമ്പത് ജില്ലകളിലൂടെ 623 കിലോമീറ്ററിലാണ് പാത. 15.6 മീറ്റർ വീതിയിലുള്ള റോഡിൽ രണ്ടുമീറ്റർ സൈക്കിൾ ട്രാക്കുമുണ്ടാകും. ഇരുവശത്തായും ഒന്നരമീറ്റർ വീതിയിൽ നടപ്പാത സഹിതമാണ് ആധുനിക രീതിയിലുള്ള റോഡ് നിർമിക്കുക. 2026ൽ പ്രവൃത്തി പൂർത്തിയാകുമെന്നാണ് പ്രഖ്യാപനം.
കടലുണ്ടിക്കടവ് പാലത്തിൽനിന്നാണ് തീരദേശപാത ജില്ലയിലേക്ക് പ്രവേശിക്കുന്നത്. കടലുണ്ടിക്കടവ് പാലം മുതൽ മഠത്തിൽ പാലം വരെ ആറ് കിലോമീറ്ററിലാണ് ഒന്നാം റീച്ച്. ഒരു കിലോമീറ്ററോളം നീളമുള്ള ബേപ്പൂർ പാലമാണ് രണ്ടാം റീച്ചിൽ ഉൾപ്പെടുന്നത്. ബേപ്പൂരിന് പുറമേ കുഞ്ഞാലി മരക്കാർ പാലമാണ് തീരദേശപാതയിൽ ഉൾപ്പെടുന്ന മറ്റൊരു പ്രധാന പാലം. മൂന്ന് ചെറിയ പാലങ്ങളും ധാരാളം കുഞ്ഞുപാലങ്ങളും പാതയിൽ ഉൾപ്പെടുന്നു. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെയും മത്സ്യബന്ധന തുറമുഖങ്ങളെയും പാത ബന്ധിപ്പിക്കുന്നു. ആവശ്യമുള്ള ഭാഗങ്ങളിൽ കടൽഭിത്തികൾ, ശുചിമുറി സമുച്ചയങ്ങൾ, കഫ്‌റ്റീരിയ, പൊലീസ് എയ്‌ഡ് പോസ്‌റ്റുകൾ, ബസ് സ്‌റ്റേഷനുകൾ തുടങ്ങിയവയുമുണ്ട്.
ബേപ്പൂർ മണ്ഡലത്തിൽ 103.73 കോടിയുടെ കിഫ്‌ബി ധനാനുമതിയായി. ബേപ്പൂരിൽ ഭൂമി ഏറ്റെടുക്കാൻ 86.24 കോടിയും കരുവൻതിരുത്തി മഠത്തിൽപ്പാടം മുതൽ കടലുണ്ടിക്കടവ് വരെ 10.10 കോടി രൂപയുമാണ് അനുവദിച്ചത്. കോഴിക്കോട്–--രാമനാട്ടുകര പാതയിൽ ഫറോക്ക് പേട്ട ജങ്ഷൻ വീതികൂട്ടി നവീകരിക്കാൻ 7.37 കോടിയുടെ പ്രത്യേക പദ്ധതിക്കും ധനാനുമതിയായി.
ആറാം റീച്ചിലെ പുതിയനിരത്ത്–-കോരപ്പുഴയിൽ നിലവിലുള്ള മൂന്നര കിലോമീറ്റർ ദേശീയപാത വികസിപ്പിക്കും. ഏഴാം റീച്ചായ കോരപ്പുഴ–- കൊയിലാണ്ടി തുറമുഖം, എട്ടാം റീച്ചായ മുത്തായം–-കോയിക്കൽ ഭാഗങ്ങളിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ നിർണയം പൂർത്തിയായി കല്ലിടൽ തുടങ്ങി. കൊയിലാണ്ടി തുറമുഖം–- മുത്തായം റീച്ച് കിഫ്‌ബിയുടെ അനുമതിക്കായി സമർപ്പിച്ചിരിക്കയാണ്. ഒമ്പതാം റീച്ചായ കോടിക്കൽ–കൊളാവിപ്പാലം ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിലാണ്. കുഞ്ഞാലി മരക്കാർ പാലത്തിന്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. നഷ്ടപരിഹാര വിതരണം ഉടൻ തുടങ്ങും. അവസാന റീച്ചിൽ സാൻഡ് ബാങ്ക്‌സ്–പൂഴിത്തല ഭൂമി ഏറ്റെടുക്കൽ പാക്കേജ് കിഫ്‌ബി അനുമതിക്കായി സമർപ്പിച്ചിരിക്കയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..