കോഴിക്കോട്
നഗരത്തിലെ പാർക്കിങ് പ്രശ്‌നത്തിന് പരിഹാരമാകാൻ സംയുക്ത പദ്ധതിയുമായി കോർപറേഷൻ. ബീച്ചിലെ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിൽ മാരിടൈം ബോർഡുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. അവധി ദിവസങ്ങളിലുൾപ്പെടെയുള്ള നഗരത്തിലെയും ബീച്ചിലെയും ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുന്നതാണ് ഉദ്യമം. കൗൺസിൽ യോഗത്തിൽ പദ്ധതിക്ക് അംഗീകാരം നൽകി.
ലയൺസ് പാർക്കിനും ഭട്ട് റോഡിനും സമീപത്തുള്ള കേരള മാരിടൈം ബോർഡിന്റെ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിലാണ് പാർക്കിങ് സൗകര്യമൊരുക്കുക. നിശ്‌ചിത വർഷത്തേക്ക് ഫീസ് ഏർപ്പെടുത്തി ഭൂമി കോർപറേഷന് കൈമാറും. പാർക്കിങ് സംവിധാനമൊരുക്കാനുള്ള മുഴുവൻ ചെലവും കോർപറേഷൻ വഹിക്കും. പാർക്കിങ്ങിൽനിന്നുള്ള വരുമാനം കോർപറേഷനും മാരിടൈം ബോർഡും പങ്കുവയ്‌ക്കും. കാലാവധി കഴിഞ്ഞാൽ പദ്ധതി മാരിടൈം ഏറ്റെടുക്കുന്ന രീതിയിലാണ് ആസൂത്രണംചെയ്യുന്നത്. ഡിപിആർ ഉടൻ തയ്യാറാക്കും.
ബീച്ചിലും നഗരത്തിലും വിപുല പാർക്കിങ് സൗകര്യമില്ലാത്തത് വലിയ തലവേദനയാണ്. സമീപത്തെ ചെറിയ റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്ക് സൃഷ്‌ടിക്കുന്നുണ്ട്. മാനാഞ്ചിറയിലും പുതിയ ബസ് സ്‌റ്റാൻഡിലും ലിങ്ക് റോഡിലും പാർക്കിങ് പ്ലാസകൾ വരുമെങ്കിലും ഒന്നുമായിട്ടില്ല.
വീടുകളിൽ മാലിന്യ സംസ്‌കരണത്തിന് ബയോഗ്യാസ് പ്ലാന്റ്, ബൊക്കാഷി ബക്കറ്റ് തുടങ്ങിയവയുടെ വിതരണം, അങ്കണവാടികൾ ശിശുസൗഹൃദമായി നവീകരിക്കൽ, വിവിധ മരാമത്ത് പ്രവൃത്തി ടെൻഡർ തുടങ്ങിയവയ്‌ക്കും കൗൺസിൽ അംഗീകാരം നൽകി. മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. ഞെളിയൻ പറമ്പിൽ സോണ്ട ഇൻഫ്രാ ടെക് കമ്പനിയുമായുള്ള കരാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാർഡുമായി പ്രതിഷേധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..