പന്തീരാങ്കാവ്
സുരക്ഷിതമില്ലാതെ കന്നുകാലികളുമായി പോവുകയായിരുന്ന ലോറി പന്തീരാങ്കാവിൽ അപകടത്തിൽപ്പെട്ടു. മുന്നിലെ മറ്റൊരു ലോറിയിൽ ഇടിച്ച് ചെരിയുകയായിരുന്നു. ബുധൻ പുലർച്ചെ മൂന്നിനായിരുന്നു അപകടം. ലോറി ഉയർത്തിയപ്പോഴാണ് കന്നുകാലികളെ പ്രദേശവാസികൾ കണ്ടത്. പുറമെ നോക്കിയാൽ കന്നുകാലികളാണെന്ന് തിരിച്ചറിയാതിരിക്കാൻ ലോറിയുടെ ചുറ്റും വായുകടക്കാത്ത വിധത്തിൽ ടാർപോളിൻകൊണ്ട് മൂടിക്കെട്ടിയിരുന്നു. പശു, എരുമ, കാള, പോത്ത് എന്നീ ഇനങ്ങളിലായി 26 എണ്ണം വാഹനത്തിലുണ്ടായിരുന്നു. അപകടത്തെ തുടർന്ന് ഒരു പോത്ത് ചത്തു. മറ്റുള്ളവയ്‌ക്ക് പരിക്കേൽക്കുകയുംചെയ്‌തു.
സ്ഥലത്തെത്തിയ പൊലീസും മൃഗസംരക്ഷണ വിഭാഗവും നടത്തിയ പരിശോധനയിൽ രേഖകളില്ലാതെയാണ് കടത്തെന്ന് വ്യക്തമായി. ഒരു ലോറിയിൽ 12ൽ കൂടുതൽ കാലികളെ കയറ്റരുതെന്ന സർക്കാർ നിർദേശവും ലംഘിച്ചിരുന്നു. കർണാടകയിൽനിന്ന് തമിഴ്നാട്ടിലൂടെ പാലക്കാട് വഴികൊണ്ടുവന്ന കാലികളെ കണ്ണൂർ തളിപ്പറമ്പിൽ എത്തിക്കാനുള്ളതാണെന്ന് വാഹനത്തിലുള്ളവർ പറഞ്ഞു.
അനിമൽ ഹസ്ബന്ററി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ബിനു പ്രശാന്ത്, മാങ്കാവ് മൃഗാശുപത്രി സർജൻ ഡോ. മിനി എന്നിവരുടെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ നൽകി. പന്തീരാങ്കാവ് പൊലീസ് അനധികൃത കാലിക്കടത്തിനെതിരെ കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..