കോഴിക്കോട്
ക്ഷേത്രോത്സവത്തിൽ പൊലീസിന്റെ നേതൃത്വത്തിൽ പൊങ്കാല നടത്താനുള്ള തീരുമാനത്തിൽ സേനക്കുള്ളിൽ എതിർപ്പ്. സേനയുടെ മതനിരപേക്ഷ സ്വഭാവത്തിന് എതിരാണ് പൊങ്കാലയെന്നാണ് പ്രധാന വിമർശം. പൊലീസ് നിയന്ത്രണത്തിലുള്ള മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാദിന ഉത്സവത്തിന്റെ ഭാഗമായാണ് പൊങ്കാല നടത്തുന്നത്.
കഴിഞ്ഞ 10ന് ജില്ലാ പൊലീസ് മേധാവി രാജ്‌പാൽ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് 23ന് പൊങ്കാല നടത്താൻ തീരുമാനിച്ചത്. ക്ഷേത്രം ഭരണസമിതിയുടെ പ്രസിഡന്റാണ് രാജ്‌പാൽ മീണ.
അസിസ്‌റ്റന്റ് പൊലീസ് കമീഷണറും സെക്രട്ടറിയുമായ പ്രകാശൻ പടന്നയിൽ, അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്റും ക്ഷേത്രം ട്രഷററുമായ ഗോപാലകൃഷ്‌ണൻ, റൂറൽ ഡിവൈഎസ്‌പി ആർ ഹരിദാസൻ, സിപിഒ സരള എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 24നാണ് ക്ഷേത്രോത്സവം. ഇതിന്റെ ഭാഗമായാണ് മുതലക്കുളത്തും പരിസരങ്ങളിലുമായി പൊങ്കാല നടത്തുന്നത്.
തിരക്കേറിയ മുതലക്കുളത്തും പരിസരത്തും ഗതാഗതപ്രശ്‌നങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതിന് സേന തന്നെ വഴിവയ്‌ക്കുകയാണെന്ന വിമർശവും ഉയരുന്നു. ക്ഷേത്രാവശ്യങ്ങൾക്കും മറ്റുമായി സേനാംഗങ്ങളുടെ ശമ്പളത്തിൽനിന്ന് ഇരുപത് രൂപ വീതം മാസവും പിരിച്ചിരുന്നു. റൂറലിലും സിറ്റിയിലുമുള്ള നാലായിരത്തിൽ പരം സേനാംഗങ്ങളിൽനിന്നാണ് ഇത്തരത്തിൽ പണം സമാഹരിച്ചത്.
എതിർപ്പുയർന്ന സാഹചര്യത്തിൽ ‘താൽപ്പര്യമുള്ള പൊലീസുകാരിൽനിന്ന് ഇഷ്ടമുള്ള തുക’ സ്വീകരിച്ചാൽ മതിയെന്ന ഭേദഗതി വരുത്തിയെങ്കിലും പിരിവ് പഴയപടി തുടരാനാണ് സാധ്യതയെന്ന് സേനാംഗങ്ങൾ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..