29 March Friday

പ്രതിരോധം സുസജ്ജം ഓക്‌സിജൻ ലഭ്യത ഉറപ്പാക്കി

സ്വന്തം ലേഖികUpdated: Sunday Jan 16, 2022

 

കോഴിക്കോട്‌
കോവിഡ്‌ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാനൊരുങ്ങി ജില്ല. സർക്കാർ ആശുപത്രികളിൽ  കിടക്കകളുടെ എണ്ണം കൂട്ടാനുള്ള നിർദേശം ആശുപത്രി മേധാവികൾക്ക്‌ നൽകി. രണ്ടാം തരംഗ സമയത്ത്‌ നീക്കി വെച്ചതുപോലെ കിടക്കകൾ കരുതാനാണ്‌ നിർദേശം. കോവിഡ്‌ രോഗികൾക്കായി സ്വകാര്യ ആശുപത്രികളും സംവിധാനങ്ങളും സൗകര്യങ്ങളും വർധിപ്പിക്കാനും നിർദേശം നൽകിയതായി കലക്ടർ എൻ തേജ്‌ ലോഹിത്‌ റെഡ്ഡി പറഞ്ഞു. 
   നിലവിൽ ഒമ്പതിനായിരത്തിലേറെ രോഗികളാണ്‌ ജില്ലയിലുള്ളത്‌. രോഗസ്ഥിരീകരണ നിരക്ക്‌ 20 ശതമാനത്തിന്‌ മുകളിലായി. എങ്കിലും ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണത്തിൽ   വർധന ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധി ഇല്ല.  അതേ സമയം അടുത്ത ആഴ്‌ചയോടെയേ ആശുപത്രി ആവശ്യങ്ങൾ സംബന്ധിച്ച്‌  വ്യക്തമായ നിഗമനത്തിലെത്താനാവൂ. രോഗികൾ കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട്‌ നഗരമേഖലയിൽ ഒരു എഫ്‌എൽടിസി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്‌ ജില്ലാ ഭരണ കേന്ദ്രം. രണ്ടാം തരംഗ വ്യാപനം കുറഞ്ഞതിനാൽ എല്ലാ എഫ്‌എൽടിസികളും അടച്ചിരുന്നു. 
   സർക്കാർ മേഖലയിൽ 15 കോവിഡ്‌ ആശുപത്രികളിലായി 530 കിടക്കകളാണുള്ളത്‌. ഇതിൽ 341 ലും രോഗികളില്ല. 98 കിടക്കകളുള്ള ഐസിയുവിൽ 48 ശതമാനം മാത്രമാണ്‌ രോഗികളുള്ളത്‌. 100 വെന്റിലേറ്ററുകളുമുണ്ട്‌.
 ഇതിൽ 48 എണ്ണവും ലഭ്യമാണ്‌. കഴിഞ്ഞ ആഴ്‌ചയേക്കാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ ഈ ആഴ്‌ച വർധനയുണ്ട്‌. ഈ മാസം ആദ്യ ആഴ്‌ചയിൽ 51 പേരായിരുന്നു സർക്കാർ ആശുപത്രിയിൽ ഉള്ളതെങ്കിൽ ഇപ്പോഴത്‌ 80 ആയി ഉയർന്നു. എങ്കിലും വലിയ രീതിയിലുള്ള കിടക്ക, ഐസിയു, ഓക്‌സിജൻ സംവിധാനങ്ങൾ ഉള്ളതിനാൽ വലിയ ആശങ്ക വേണ്ടെന്നാണ്‌ പ്രതീക്ഷ. 
    ഓക്‌സിജൻ ലഭ്യതയിൽ  സ്വയംപര്യാപ്‌തത ഉറപ്പാക്കാനായി എന്നത്‌ ജില്ലക്ക്‌ വലിയ ആശ്വാസമാണ്‌. 
മൂന്നാം തരംഗം മുൻകൂട്ടി കണ്ട്‌ മൂന്ന്‌ പ്ലാന്റുകൾ ഗവ. ജനറൽ ആശുപത്രി, ഗവ. മെഡിക്കൽ കോളേജ്‌ എന്നിവിടങ്ങളിലായി സജ്ജമാക്കിയിരുന്നു. ഓക്‌സിജൻ വിതരണ സംവിധാനം വിപുലപ്പെടുത്താൻ കൂടുതൽ സിലിൻഡറുകളും 1400 ഓളം ഓക്‌സിജൻ ലഭ്യതയുള്ള കിടക്കകളും ലഭ്യമാക്കിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top