ബാലുശേരി
ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തിനപ്പുറം സ്വയംതൊഴിൽ മേഖലയിലും വിജയഗാഥ സൃഷ്ടിക്കുകയാണ് ബാലുശേരിയിലെ അമ്മമാരും കുഞ്ഞുങ്ങളും. ഭിന്നശേഷി കുട്ടികളുടെ അമ്മമാരെ സംഘടിത ഗ്രൂപ്പാക്കി ബിആർസി നേതൃത്വത്തിൽ തൊഴിൽ പരിശീലനം നൽകിയാണ് ഈ നേട്ടം. സോപ്പ്, ഡിറ്റർജന്റ്, ക്ലോത്ത് വാഷ്, ഹാൻഡ് വാഷ്, അലക്കുസോപ്പ് എന്നിവയുടെ നിര്‍മാണത്തിലാണ് പരിശീലനം.
അമ്മമാർ നിർമിച്ച ഉൽപ്പന്നങ്ങൾ ‘അയാം ഏബിൾ’ എന്ന ബ്രാൻഡില്‍ വിപണിയിലെത്തിച്ചു. ഉൽപ്പന്നങ്ങളുടെ നിർമാണം, പാക്കിങ്, വിതരണം, പരസ്യം എല്ലാം ബിആർസി പിന്തുണയോടെ അമ്മമാർ തന്നെചെയ്തു. ഈ ഓണക്കാലത്ത് ഒരു ലക്ഷം രൂപയുടെ വിറ്റുവരവാണ് ‘അയാം ഏബിൾ’ നേടിയത്. ഇന്ന് ഉള്ള്യേരി, പനങ്ങാട് പഞ്ചായത്തിൽ ജനപ്രിയമാണ് ഈ ബ്രാൻഡ് ഉൽപ്പന്നങ്ങൾ.
ബിആർസിക്കുകീഴിലെ ഏഴ് പഞ്ചായത്തുകളിൽ 1500നടുത്ത് ഭിന്നശേഷി കുട്ടികളുണ്ട്. പ്ലസ് ടു പഠനശേഷം ഭിന്നശേഷി കുട്ടികളുടെ പഠന, തൊഴിൽ സാഹചര്യങ്ങൾ പരിമിതമാണെന്ന തിരിച്ചറിവാണ് ബാലുശേരി ബിആർസിയെ കുട്ടികളുടെ അമ്മമാർക്ക് സ്വയംതൊഴിൽ നൽകാൻ പ്രേരിപ്പിച്ചത്. പ്ലസ് ടു പഠനത്തിനുശേഷം കുട്ടികൾ വീട്ടിൽ ഒതുങ്ങുന്ന സാഹചര്യമുണ്ട്. ഭിന്നശേഷി കുട്ടികളുടെ സാമൂഹ്യ ഇടപെടലും സാമ്പത്തിക സ്വയംപര്യാപ്തതയും ലക്ഷ്യംവച്ചുകൊണ്ടാണ് ബിആർസി തനതായ ഈ പദ്ധതി വിഭാവനംചെയ്തത്. പഞ്ചായത്തുകളിലെ ബിആർസി നേതൃത്വത്തിൽ അമ്മമാര്‍ക്ക് സംരംഭകത്വ പരിശീലന ക്ലാസുകളും വ്യക്തിത്വ വികാസ ക്ലാസുകളും നൽകിയിരുന്നു.
ബാലുശേരി ബ്ലോക്കിലെ ഏഴ് പഞ്ചായത്തിലും ഭിന്നശേഷി അമ്മമാർക്കുള്ള തൊഴിൽ പരിശീലന പരിപാടികൾ ആരംഭിക്കുമെന്ന് ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ എം മധുസൂദനൻ പറഞ്ഞു. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ പിന്തുണയും പദ്ധതിക്കുണ്ട്. പരിശീലന ചുമതലയുള്ള ട്രെയിനർ എം എം രമേശൻ, ട്രെയിനർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, സ്പെഷ്യൽ എഡ്യുക്കേറ്റർമാർ, ക്ലസ്റ്റർ കോ ഓർഡിനേറ്റർമാർ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..