20 April Saturday

അമയ ഇനി വരില്ല; കണ്ണീരോടെ നാട്‌

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

കാലടിയിൽ നടന്ന സംസ്കൃത സർവകലാശാല യൂണിയൻ കലോത്സവത്തിൽ ഒപ്പന മത്സരത്തിന് തയ്യാറായി നിൽക്കുന്ന അമയയും 
(വലത്തുനിന്ന് രണ്ടാമത്) കൂട്ടുകാരികളും

സ്വന്തം ലേഖകൻ
വടകര
അമയയുടെ വേർപാടിൽ വിറങ്ങലിച്ച് നാട്. കാലടിയിൽ നടക്കുന്ന സംസ്കൃതം സർവകലാശാല യൂണിയൻ കലോത്സവത്തിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങവേയാണ് വടകര കസ്റ്റംസ് റോഡിലെ പാണ്ടി പറമ്പത്ത് പ്രകാശന്റെയും ബിന്ദുവിന്റെയും മകൾ അമയ പ്രകാശിന്റെ ജീവൻ വാഹനാപകടത്തിൽ പൊലിഞ്ഞത്. ശനി പുലർച്ചെ ഒന്നരയോടെ അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു അപകടം. 
സംസ്കൃതം സർവകലാശാലയുടെ പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ നാലാം സെമസ്റ്റർ സംസ്കൃതം വേദാന്തം വിദ്യാർഥിയായിരുന്നു അമയ. യൂണിയൻ കലോത്സവത്തിൽ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ചയാണ് അമയ വീട്ടിൽനിന്ന് കാലടിയിലേക്ക് പുറപ്പെട്ടത്. ഒപ്പനയ്ക്കും മാർഗംകളിക്കുമാണ് മത്സരിച്ചത്. ഒപ്പനയ്ക്ക് ഒന്നാം സ്ഥാനവും മാർഗംകളിയിൽ രണ്ടാം സ്ഥാനവും നേടി. സമ്മാനാർഹമായ വിവരം വീട്ടിൽ അമ്മയെ വിളിച്ചറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. 
നൃത്തരംഗത്ത് ഏറെ ശോഭിച്ചിരുന്ന അമയ കോളേജിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസറായിരുന്ന അമയയുടെ നേതൃത്വത്തിലാണ് ഇത്തവണ ക്യാമ്പ് സംഘടിപ്പിച്ചത്. പഠനയാത്രയുടെ കോ- ഓർഡിനേറ്ററും അമയയായിരുന്നു.   നാട്ടിൽ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നു അമയ. പയ്യന്നൂരിൽ അഡ്മിഷൻ കിട്ടിയതോടെ യൂണിറ്റ് പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറിനിൽക്കുകയായിരുന്നു. മരണവിവരമറിഞ്ഞ് ശനിയാഴ്ച രാവിലെ തന്നെ കോളേജിലെ അധ്യാപകരും വിദ്യാർഥികളും അമയയുടെ വീട്ടിലെത്തി. അങ്കമാലിയിൽനിന്ന്‌ വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാത്രി പതിനൊന്നോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top