28 March Thursday

നഫാഅത്ത് ഫത്താഹിന്റെ മരണം: 
നഷ്‌ടമായത്‌ മിടുക്കിയെ

മനാഫ് താഴത്ത്Updated: Sunday May 15, 2022

ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ പഠനമികവിനുള്ള ഉപഹാരം നഫാഅത്ത് ഫത്താഹ് സ്വീകരിക്കുന്നു (ഫയല്‍ ചിത്രം)

ഫറോക്ക് 
റെയിൽ പാലത്തിൽനിന്ന്‌ പുഴയിൽ വീണ്‌ ജീവൻ പൊലിഞ്ഞ ഫറോക്ക്  കരുവൻതിരുത്തിയിലെ നഫാഅത്ത് ഫത്താഹ് സ്‌കൂളിലെ മികച്ച വിദ്യാർഥി. പഠനത്തിനൊപ്പം മറ്റു രംഗങ്ങളിലും നഫാഅത്ത്‌ തിളങ്ങി. സ്കൂളിലെ മികച്ച പ്രാസംഗികയും എഴുത്തുകാരിയുമായിരുന്നു. 2019ൽ ശാസ്ത്രവിഷയങ്ങളിലെ മികവിന് കേന്ദ്ര സർക്കാരിന്റെ ഇൻസ്പെയർ അവാർഡ് ലഭിച്ചു. സ്കൂളിലെ അടൽ ടിങ്കറിങ്‌  ലാബിലൂടെ റോബോട്ടിക് നിർമാണത്തിലും കഴിവ് പ്രകടിപ്പിച്ചു. സ്കൂളിന് വേണ്ടിയും തനിച്ചും വീഡിയോകൾ ചെയ്‌തിരുന്നു. യൂട്യൂബ് ചാനൽ വഴി വിവിധ വിഷയങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാനും നഫയ്‌ക്ക്‌ സാധിച്ചു. സ്കൂളിന്‌ മികച്ച വിദ്യാർഥിയെയാണ്‌ നഷ്ടമായതെന്ന്‌ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി പി സൈഫുദ്ദീൻ പറഞ്ഞു. 
അവധിക്കാലമായിട്ടും പത്താം ക്ലാസിലായതിനാൽ സ്കൂൾ തുറക്കുന്നതിന് മുമ്പേ നഫാഅത്ത്‌ ട്യൂഷന്‌ ചേർന്നിരുന്നു. ഇവിടുത്തെ കൂട്ടുകാർക്കൊപ്പം ഫറോക്ക് പാലത്തിന് സമീപമെത്തി ഫോട്ടോ എടുക്കുമ്പോഴാണ് അപകടമുണ്ടായത്‌. പാളത്തോടുചേർന്ന്‌ ഫോട്ടോ എടുക്കുന്നതിനിടെ ട്രെയിൻ എത്തിയതിനാൽ വെപ്രാളപ്പെട്ടതാകാം അപകടകാരണമെന്നാണ് കരുതുന്നത്.
കളത്തിങ്ങൽ ചിറയിൽ നസീമയുടെയും അധ്യാപകനായ പൊന്നാനി സ്വദേശി പി അബ്ദുൽ ഫത്താഹിന്റെയും രണ്ട്‌ മക്കളിൽ മൂത്തവളായ നഫയുടെ വിയോഗവാർത്തയറിഞ്ഞ് അധ്യാപകരും നാട്ടുകാരുമടക്കം നിരവധി പേരാണ് മയ്യത്ത് സൂക്ഷിച്ച കോഴിക്കോട്  മെഡിക്കൽ കോളേജിലും കരുവൻ തിരുത്തിയിലെ വീട്ടിലുമെത്തിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top