കോഴിക്കോട്
കക്കൂസ് മാലിന്യമടക്കം നിറഞ്ഞ ആവിക്കൽ തോട് നവീകരിക്കുന്നതിന് 5.27കോടി രൂപയുടെ പദ്ധതി ഒരുങ്ങി. ഒന്നര കിലോമീറ്ററോളം നീളത്തിൽ വീതികൂട്ടി ചെളിനീക്കി ഓവുചാൽ നിർമിക്കാനുള്ള പദ്ധതി തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും ഹാർബർ എൻജിനിയറിങ് വിഭാഗം എക്‌സി. എൻജിനിയർ ജയദീപും സ്ഥലം പരിശോധിച്ച് വിശദമായ പഠനം നടത്തിയാണ് പദ്ധതി സമർപ്പിച്ചത്.
ബീച്ച് റോഡിൽ നിന്നാരംഭിച്ച് ചാലിവയൽ ഭാഗത്തുനിന്ന് മൂന്ന് ഭാഗത്തേക്ക് കൈവഴികളായി പിരിയുന്നതരത്തിൽ ഏകദേശം 1.43 കിലോമീറ്റർ നീളത്തിലാണ് തോട് നവീകരിക്കുക. തോടിന് വീതികൂട്ടി പാർശ്വഭിത്തികെട്ടും. കൈവഴികൾ ഡ്രൈയ്‌നേജുകളായി മാറ്റി സ്ലാബിടും. ആവശ്യമായിടങ്ങളിൽ കോൺക്രീറ്റ് ചെയ്ത് ചെരിവുകളും നിർമിക്കും. തുടർപഠനത്തിനടക്കമാണ് എസ്റ്റിമേറ്റ് തുക.
ആവിക്കൽ തോട് കടലിനോട് ചേരുന്ന ഭാഗം മണലും മാലിന്യവും നിറഞ്ഞ് അടഞ്ഞുകിടക്കുകയാണ്. വെസ്റ്റ്ഹിൽ മുതൽ ജോസഫ് റോഡ് വരെയുള്ള പ്രദേശത്തുനിന്ന് ഒഴുകിവരുന്ന വെള്ളവും മാലിന്യവും അടിഞ്ഞുകൂടിയാണ് തോട് മലിനമായത്. ചിലയിടങ്ങളിൽ കക്കൂസ് മാലിന്യവും തോട്ടിലേക്ക് ഒഴുകിയെത്തി. തോടിന്റെ പലഭാഗവും കൈയേറിയിട്ടുണ്ട്. അവ ഒഴിപ്പിച്ചാൽ മാത്രമേ വീതികൂട്ടാനാവൂ. പദ്ധതിയോടൊപ്പം കോഴിക്കോട് കോർപറേഷന്റെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് കൂടി യാഥാർഥ്യമായാൽ ആവിക്കൽ തോടിന്റെ മാത്രമല്ല; നഗരത്തിന്റെ മാലിന്യപ്രശ്‌നത്തിനും ഒരു പരിധിവരെ പരിഹാരമാവും.
എ പ്രദീപ്കുമാർ എംഎൽഎ ആയിരിക്കുമ്പോൾ പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..