കോഴിക്കോട്
പെരുച്ചാഴികളുടെ വിഹാര കേന്ദ്രമായി കോഴിക്കോട് ബീച്ചും പരിസരവും. നടപ്പാതയിലും കടൽത്തീരത്തും തട്ടുകട പരിസരങ്ങളിലും തുടങ്ങി കാണുന്നിടത്തെല്ലാം പെരുച്ചാഴികളാണ്. സന്ധ്യയായാൽ സ്വസ്ഥമായി ഒരിടത്ത് ഇരിക്കാൻപോലും കഴിയാത്തവിധം വിളയാടുകയാണ് പെരുച്ചാഴിക്കൂട്ടം. തെരുവുനായ്‌ക്കളെ എന്ന പോലെ ഇരിപ്പും നടപ്പുമെല്ലാം ഇവയെ പേടിച്ചുവേണം. എലിപ്പനിയടക്കം ഇവ ഉയർത്തുന്ന രോഗഭീതിയും ചെറുതല്ല.
കോടികൾ ചെലവഴിച്ച് നിർമിച്ച നടപ്പാതക്കും സെൽഫിപോയിന്റിനും ഇരിപ്പിടങ്ങൾക്കും കീഴെ പെരുച്ചാഴികളുടെ സഞ്ചാരവഴികളാണ്.
കടൽ ഭിത്തിയിൽനിന്ന് നടപ്പാതയിലേക്ക് മാളങ്ങൾ പണിതതിനാൽ പലയിടത്തും ഇവ താഴ്‌ന്നുതുടങ്ങി. നടപ്പാതയിൽ വിരിച്ച ഇന്റർലോക്കും ടൈലുകളും പൊളിഞ്ഞുതുടങ്ങി. ഗ്രാനൈറ്റ് വിരിച്ച ഇരിപ്പിടങ്ങളിലെ പുൽത്തകിടിയിൽ ഉൾപ്പെടെ മാളമാണ്. ബീച്ചിലെത്തുന്നവർ ഉപേക്ഷിക്കുന്നതും തട്ടുകടകളിലേയും ഹോട്ടലുകളിലേയും ഭക്ഷണാവശിഷ്ടവുമാണ് ഇവയുടെ ആഹാരം. ഇരിപ്പിടങ്ങളിൽ രാത്രികാലത്ത് കാല് നിലത്തുകൊള്ളും വിധം ഇരിക്കാനേ പറ്റില്ല.
നേരത്തെ കോർപറേഷൻ ആരോഗ്യവിഭാഗം പെരുച്ചാഴികളെ നശിപ്പിക്കുന്നതിന് പൊതുസ്ഥലങ്ങളിൽ ‘റൊഡോഫോം’ എന്ന എലിനാശിനി ഉപയോഗിച്ചിരുന്നതായി കോർപറേഷൻ ഹെൽത്ത് ഓഫീസർ കെ പി ശശികുമാർ പറഞ്ഞു. വർഷത്തിൽ ഒരുതവണയാണ് ഇത് ചെയ്‌തിരുന്നത്. അപൂർവ ഇനത്തിൽപെട്ട എലികളുടെ വംശനാശത്തിന് ഇത് കാരണമാവുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കി എലിനശീകരണത്തിന് സത്വര നടപടി സ്വീകരിക്കുമെന്ന് ശശികുമാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..