പേരാമ്പ്ര
കുടുംബനാഥന്റെ അസുഖംമൂലം ജീവിതം ദുരിതത്തിലായ കുടുംബത്തിന് വീട് നിർമിച്ചുനൽകാൻ ജനകീയ കമ്മിറ്റി രൂപീകരിച്ച് പണപ്പിരിവ് നടത്തിയ പഞ്ചായത്തംഗം വഞ്ചിച്ചതായി പരാതി. പേരാമ്പ്ര ഹൈസ്കൂളിനടുത്ത് തൊണ്ടി കറ്റ്യാട്ട് മീത്തൽ കെ എം ശ്രീജയും കുടുംബവുമാണ് പരാതി നൽകിയത്. ശ്രീജയുടെ ഭർത്താവ് നിർമാണ തൊഴിലാളിയായിരുന്ന സന്തോഷ് രോഗംമൂലം ഏറെക്കാലമായി ചികിത്സയിലാണ്. ഇവരുടെ ഏക മകൾ പേരാമ്പ്ര ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
ടാർപോളിൻ മേഞ്ഞ ഷെഡിൽ കഴിയുന്ന കുടുംബത്തിന്റെ ദയനീയാവസ്ഥ 2020ൽ ചാനൽ വാർത്തയാക്കിയിരുന്നു. അതോടെ വീട് നിർമിച്ചുനൽകാൻ ബോബി ചെമ്മണൂരും ജനമൈത്രി പൊലീസും സന്നദ്ധ സംഘടനകളും മുന്നോട്ടുവന്നു. ഇതിനിടയിലാണ് പേരാമ്പ്ര പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ അർജുൻ കറ്റയാട്, പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായ ചിത്ര, റിയാസ് എന്നിവർ ചേർന്ന് ജനകീയ കമ്മിറ്റി രൂപീകരിച്ച് വീട് നിർമിച്ചുതരാമെന്ന് ഉറപ്പു നൽകിയതെന്ന് കുടുംബം പറഞ്ഞു. അതോടെ മറ്റുള്ളവരുടെ സഹായം വേണ്ടെന്നുവച്ചു. 2021ൽ പിരിവെടുത്ത് റിയാസിന്റെ മേൽനോട്ടത്തിൽ വീട് പണി തുടങ്ങി. പിന്നീട് ഇയാളെ ഒഴിവാക്കി പഞ്ചായത്തംഗവും ചിത്രയും ചേർന്ന് ലിന്റൽ വരെ പ്രവൃത്തി നടത്തിയതായി വീട്ടുകാർ പറഞ്ഞു. ഇതിനിടെ കുടുംബം താമസിച്ചിരുന്ന ഷെഡ് കത്തിനശിച്ചു.
കമ്മിറ്റിക്കാർ തിരിഞ്ഞുനോക്കാതായപ്പോൾ സിപിഐ എം പ്രവർത്തകർ കുടുംബത്തെ വാടക വീട്ടിലേക്ക് മാറ്റി. താൽക്കാലിക ഷെഡ് നിർമിച്ചുനൽകി. മാസങ്ങളായി വീട് പണി നിലച്ചിരിക്കയാണ്. പലകയടിച്ച് കമ്പികെട്ടിയിട്ട് മൂന്ന് മാസത്തിലേറെയായിട്ടും കോൺക്രീറ്റ് നടത്തിയിട്ടില്ല. മെറ്റലും കമ്പിയും സിമന്റുമെല്ലാം നശിച്ചു കൊണ്ടിരിക്കുന്നു.
പലവട്ടം പഞ്ചായത്തംഗത്തെ കണ്ടുവെങ്കിലും അനുകൂലമായ പ്രതികരണമില്ലാത്തതിനാലാണ് പൊലീസിൽ പരാതിനൽകിയതെന്ന് കുടുംബം പറഞ്ഞു. പഞ്ചായത്തംഗത്തിന്റെ പേരിൽ നടപടി ആവശ്യപ്പെട്ട് എംഎൽഎ, മുഖ്യമന്ത്രി എന്നിവർക്കും പരാതിനൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..