കോഴിക്കോട്
ഞെളിയൻപറമ്പിൽ കെട്ടിക്കിടക്കുന്ന പ്ലാസ്‌റ്റിക് മാലിന്യം (ആർഡിഎഫ്) ഒരാഴ്‌ചക്കുള്ളിൽ നീക്കാൻ മേയർ ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. നിർദിഷ്‌ട പ്ലാന്റ് നടത്തിപ്പുകാരായ സോണ്ട ഇൻഫ്രാ ടെക് മാലിന്യം നീക്കണം. ബ്രഹ്മപുരത്ത് മാലിന്യം കത്തി ദുരന്തമുണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം.
14,000 ക്യുബിക് മീറ്ററിലാണ് പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്‌റ്റ് മാലിന്യം കെട്ടിക്കിടക്കുന്നത്. പ്ലാസ്‌റ്റിക് മാലിന്യത്തിൽനിന്ന് വേർതിരിച്ചെടുത്ത ആർഡിഎഫ്(റഫ്യൂസ് ഡിറൈവ്‌ഡ് ഫ്യുവൽ) മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. മാലിന്യത്തിൽനിന്ന് വൈദ്യുതി നിർമിക്കുന്ന പ്ലാന്റ് വരുന്നതോടെ ഈ ആർഡിഎഫ് കത്തിക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. പക്ഷേ ചൂടിൽ അഗ്‌നിബാധക്ക് സാധ്യതയുള്ളതിനാൽ ഉടൻ മാലിന്യം മാറ്റണമെന്നാണ് കോർപറേഷൻ നൽകിയ നിർദേശം.
2019 മുതൽ ഞെളിയൻ പറമ്പിലേക്ക് ജൈവ– -അജൈവ മാലിന്യം വേർതിരിച്ചാണ് വരുന്നത്. ഹരിത കർമ സേനകൾ ശേഖരിക്കുന്ന മാലിന്യം ഇവിടെയുള്ള എംആർഎഫിൽനിന്ന് വേർതിരിച്ച് പ്ലാസ്‌റ്റിക് സംസ്‌കരണത്തിന് പുറത്തേക്ക് കൊണ്ടുപോകുകയാണ്. എന്നാൽ അതിനുമുമ്പ് ജൈവ–- അജൈവ മാലിന്യം കലർന്നായിരുന്നു എത്തിയത്. ഇത് മണ്ണിൽ ചേർന്ന് പുനരുപയോഗ സാധ്യതയില്ലാത്തവയായി മാറി. ഇതാണ് സംസ്‌കരിക്കാനാകാതെ കൂട്ടിയിട്ടത്.
തീപിടിത്ത സാധ്യത ഒഴിവാക്കാനുള്ള മറ്റ് നിർദേശങ്ങളും യോഗത്തിൽ നൽകി. സംയുക്ത വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തും. പൊലീസ് പട്രോളിങ്ങും 24 മണിക്കൂറും സെക്യൂരിറ്റി ജീവനക്കാരും ഉണ്ടാവും. തീയണയ്‌ക്കാനുള്ള വെള്ളം ഉറപ്പാക്കാൻ ജല അതോറിറ്റിയോട് നിർദേശിച്ചു. തീപിടിത്തമുണ്ടായാൽ പൊതു പ്രവേശന വഴികൾക്ക് പുറമെ ഉള്ളിലൂടെ അഗ്‌നിരക്ഷാസേനയുടെ വാഹനത്തിന് പോകാനുള്ള വഴി ഒരുക്കും. യോഗത്തിൽ കോർപറേഷൻ സമിതി അധ്യക്ഷർ, പൊലീസ്, അഗ്‌നിരക്ഷാസേന, വാട്ടർ അതോറിറ്റി, എൻജിനിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..