ബാലുശേരി
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 34-ാമത് ജില്ലാ സമ്മേളനത്തിന് സാംസ്‌കാരിക സമ്മേളനത്തോടെ തുടക്കം. ബാലുശേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം കവി വീരാൻ കുട്ടി ഉദ്ഘാടനംചെയ്തു. യൂണിയൻ അംഗങ്ങളുടെ രചനകളിൽനിന്ന് തെരഞ്ഞെടുത്ത് സമാഹരിച്ച അപരാഹ്ന ശോഭ കവിതാ സമാഹാരം കവി വീരാൻ കുട്ടി സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടിക്ക് നൽകി പ്രകാശിപ്പിച്ചു. റിട്ട. ഡിഇഒ എം രഘുനാഥ് പുസ്തക പരിചയം നടത്തി.
ജില്ലാ പ്രസിഡന്റ് എം പി അസൈൻ അധ്യക്ഷനായി. ചെറുകഥാകൃത്ത് വി പി ഏലിയാസ്, കവിയും കഥാകൃത്തുമായ സി പി ഉണ്ണി, നാണുനായർ എന്നിവരെ ആദരിച്ചു. ജില്ലാ രക്ഷാധികാരി വി രാമചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ടി വി ഗിരിജ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എടത്തിൽ കെ പി ദാമോദരൻ, സൗദാമിനി എന്നിവർ സംസാരിച്ചു. അശോകൻ കൊടക്കാട്ട് സ്വാഗതവും കെ പി ഗോപിനാഥൻ നന്ദിയും പറഞ്ഞു. തുടർന്ന് ചേളന്നൂർ വനിതാവേദി അവതരിപ്പിച്ച നൃത്തശില്പവും ബാലുശ്ശേരി ബ്ലോക്ക് അവതരിപ്പിച്ച ചണ്ഡാലഭിക്ഷുകി കാവ്യശില്പവും അരങ്ങേറി.
ബുധൻ രാവിലെ 10ന് പ്രതിനിധിസമ്മേളനം ഗ്രീൻഅറീന ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം പി അസൈൻ പതാക ഉയർത്തും. വൈകിട്ട് കൗൺസിൽ യോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുക്കും. സമ്മേളനത്തിന് മുന്നോടിയായി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പ്രതിനിധികളുടെ പ്രകടനം ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..