20 April Saturday
ലീഗ്‌ സംസ്ഥാന കൗൺസിൽ 18ന്‌

ജനറൽ സെക്രട്ടറിയാകാൻ വടംവലി

സ്വന്തം ലേഖകൻUpdated: Wednesday Mar 15, 2023
കോഴിക്കോട്‌ 
മുസ്ലിംലീഗ്‌ സംസ്ഥാന കൗൺസിൽ 18ന്‌ ചേരാനിരിക്കെ സംസ്ഥാന ഭാരവാഹികളാകാൻ നേതാക്കളുടെ  വടംവലി. നാലിന്‌ നടക്കേണ്ടിയിരുന്ന ജനറൽ കൗൺസിൽ വിഭാഗീയതയെ തുടർന്നാണ്‌ മാറ്റിയത്‌. എറണാകുളം ജില്ലാ കൗൺസിൽ പുനഃസംഘടന പൂർത്തിയായിട്ടില്ല.  
ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന പി എം എ സലാം സ്ഥിരം ജനറൽ സെക്രട്ടറിയാകുമോ എന്നതാണ്‌ പലരും ഉറ്റുനോക്കുന്നത്‌. ജനറൽ സെക്രട്ടറിയായിരുന്ന കെ പി എ മജീദ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോഴാണ്‌ പി എം എ സലാമിന്‌ താൽക്കാലിക ചുമതല നൽകിയത്‌. തിരൂരങ്ങാടിയിൽ സീറ്റ്‌ മോഹിച്ച സലാമിനെ ഒതുക്കുകയായിരുന്ന ലക്ഷ്യം. പ്രവർത്തന പരിചയമില്ലാത്ത സലാമിന്‌ ചുമതല നൽകിയതിനെച്ചൊല്ലി  വലിയ എതിർപ്പും ഉയർന്നിരുന്നു.  സലാമിനെ മാറ്റണമെന്ന ആവശ്യം  ഒരുവിഭാഗം ശക്തമായി ഉയർത്തുന്നുണ്ട്‌.  
 അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറിയാകുമെന്നും അഭ്യൂഹമുണ്ട്‌.  എന്നാൽ, ജനറൽ സെക്രട്ടറി പദവി ഏറ്റെടുത്ത്‌ എതിർപ്പ്‌ ചോദിച്ചുവാങ്ങേണ്ടതില്ലെന്ന നിലപാടാണ്‌ കുഞ്ഞാലിക്കുട്ടിക്ക്‌. കെ എം ഷാജിയുടെ നേതൃത്വത്തിൽ കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരി ശക്തമായതിനാൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്ന്‌ സംസ്ഥാന രാഷ്‌ട്രീയത്തെ നിയന്ത്രിച്ചാൽ മതിയെന്ന നിലപാടാണ്‌ അദ്ദേഹത്തിന്‌. സലാമിനെ അവരോധിച്ചാകും കുഞ്ഞാലിക്കുട്ടിയുടെ പ്രതിരോധം. എം കെ മുനീറാണ്‌ ജനറൽ സെക്രട്ടറി പദം മോഹിക്കുന്നവരിൽ  മറ്റൊരു പ്രമുഖൻ. എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുനീറിനെ വെട്ടാനാണ്‌ എതിർചേരിയുടെ തീരുമാനം. 
പ്രസിഡന്റായി സാദിഖലി തങ്ങൾ തുടരും.  എട്ട്‌ വൈസ്‌ പ്രസിഡന്റുമാരും എട്ട്‌ സെക്രട്ടറിമാരും അടങ്ങുന്നതാണ്‌ കമ്മിറ്റി.  21 അംഗ സെക്രട്ടറിയറ്റും പ്രവർത്തിക്കും. പ്രവർത്തക സമിതിയിൽ 75 പേരുണ്ടാകും. അഞ്ഞൂറംഗ സംസ്ഥാന കൗൺസിലും ഉണ്ടാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top