24 April Wednesday

ബേപ്പൂർ പെരുമയുമായി വീണ്ടും ഉരു ഖത്തറിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

ബേപ്പൂരിൽ നിന്നും ഖത്തറിലേക്ക് പുറപ്പെട്ട ഉരുവിനെ പോർട്ട് ഓഫീസറുടെ നേതൃത്വത്തിൽ യാത്രയാക്കുന്നു.

 ഫറോക്ക് 

ബേപ്പൂരിന്റെ ഉരുപ്പെരുമയ്ക്ക് മാറ്റേകി ഒരു ഉരുകൂടി അറേബ്യയിലേക്ക് യാത്രയായി. ചാലിയം പട്ടർമാട് തുരുത്തിൽ പണി കഴിച്ച വലിയ  ആഡംബര ഉരുവാണ് വെള്ളിയാഴ്ച നാലോടെ ബേപ്പൂർ തുറമുഖത്തു നിന്നും ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്ക് പുറപ്പെട്ടത്. കാലാവസ്ഥ അനുകൂലമായാൽ പത്തു ദിവസങ്ങൾക്കകം ഈ ഭീമൻ ജലയാനം  ദോഹ തുറമുഖത്ത് നങ്കൂരമിടും. തൂത്തുക്കുടി സ്വദേശി വി സ്റ്റാലിൻ പാണിപിച്ചൈ തിണ്ടലും (ക്യാപ്റ്റൻ) മുടിയപ്പൻ ആന്റോ, സക്കറിയാസ് പോൾ , സ്റ്റാനിസ് റീബട്ട്, ജൂഡ്സ് സ്റ്റാൻലി, മുടിയപ്പൻ അലങ്കാരം, ആന്റണി സാമി ബെനഡിറ്റ്, സ്റ്റാലിൻ ഇൻഫന്റ്‌ സജി എന്നിവർ ക്രൂ അംഗങ്ങളുമായ ടീം ആണ് ഉരു ഖത്തറിലെത്തിക്കുന്നത്. ഉരു നിർമാണ രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രശസ്തരായ
ഹാജി പി ഐ അഹമ്മദ് കോയ കമ്പനി നിർമിച്ച "സാം ബോക്ക് ’ മാതൃകയിലുള്ള ഉരുവിന്  130 അടി നീളവും 27 അടി വീതിയും 12 അടി ഉയരവുമുണ്ട്. മൂന്നു വർഷം മുമ്പ് നിർമാണമാരംഭിച്ച് കോവിഡ് പ്രതിസന്ധിയിൽ പണി മുടങ്ങിയെങ്കിലും ഒന്നര വർഷത്തിനകം ഉരു നീറ്റിലിറക്കാനായി. ബേപ്പൂർ  വടക്കേപ്പാട് സുരേന്ദ്രൻ മോതിരിയുടെ നേതൃത്വത്തിലുള്ള തച്ചന്മാരുടെ പ്രത്യേക സംഘമാണ് നിർമാണ ചുമതല വഹിച്ചത്.
ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ കെ അശ്വിനി പ്രതാപ് , ക്യാപ്റ്റന് രേഖകൾ കൈമാറി യാത്രയയച്ചു. നിർമാണ കമ്പനിയുടെ മുഖ്യ നടത്തിപ്പുകാരനായ പി ഒ ഹാഷിം, സീനിയർ പോർട്ട് കൺസർവേറ്റർ ( ഇൻ ചാർജ് ) പി കെ ജിഷ, കസ്റ്റംസ് സൂപ്രണ്ട് പ്രകാശ്, പോർട്ട് വാർഫ് സൂപ്പർവൈസർ പി സൂസൻ, എമിഗ്രേഷൻ വിഭാഗം എസിഐഒ പി കെ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top