29 March Friday

ഇന്ന്‌ പാലിയേറ്റീവ്‌ ദിനം വീൽചെയറിലെ 
സൂര്യൻ

എം ജഷീനUpdated: Saturday Jan 15, 2022

ലിനീഷ് വീൽചെയറിൽ

 
കോഴിക്കോട്
മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ ഒപിയിലും വാർഡിലുമൊക്കെ വീൽചെയറിൽ ‘ഓടി’ നടക്കുന്ന ലിനീഷിനെ കാണാം. രോഗിയാണോ എന്ന് സംശയിച്ച് പലരും ഒന്നു നോക്കും. എന്നാൽ ആ കണ്ണുകളിൽ നിറയുന്ന സഹാനുഭൂതിയും വാക്കുകളിലെ ആത്മവിശ്വാസവും അറിയുമ്പോൾ ലിനീഷ് അവർക്ക് രോഗിയല്ല, സാന്ത്വനം പകരുന്ന വളന്റിയറാണ്.തന്റെ വേദനകളിൽ മാത്രം ജീവിച്ച് ഒതുങ്ങിക്കൂടാൻ  ചെറുവണ്ണൂർ സ്വദേശിയായ ഈ മുപ്പത്തിനാലുകാരൻ തയ്യാറായില്ല. രോഗത്തിന്റെ ദുരിത ക്കയങ്ങളിൽപ്പെടുന്ന, തനിക്ക് ചുറ്റുമുള്ളവർക്ക് ആശ്വാസത്തിന്റെ കിരണമാണ്‌ ഈ യുവാവ്‌. ഒപിയിലും വാർഡിലുമായി രോഗികൾക്ക് സേവനങ്ങൾ നൽകുകയാണിപ്പോൾ. ജൻമനാ അസ്ഥി പൊടിയുന്ന രോഗം  ബാധിച്ചതിനാൽ  ലിനീഷിന് എന്തിനും പരസഹായം വേണം. 15 വയസ് മുതലാണ് വീൽ ചെയറിലായത്. നന്നായി ചിത്രം വരയ്ക്കുന്ന  ലിനീഷ് 2009ലാണ് തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി  ഐപിഎമ്മിലെത്തിയത്. മരുന്നുകൾ പാക്ക് ചെയ്യൽ, കിറ്റ് തയ്യാറാക്കൽ, സീൽ ചെയ്യൽ, വാർഡുകളിൽ രോഗികൾക്ക് ബാൻഡേജ്, പാഡുകൾ തുടങ്ങിയവ എത്തിക്കൽ, ആത്മവിശ്വാസം പകരൽ ഇങ്ങനെ ലിനീഷ്‌ കൂട്ടിനെത്തും. ലോകാരോഗ്യ സംഘടനയുടെ വളന്റിയർ സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. വീട്ടിൽനിന്നും ഏറെ ദൂരമുള്ളതിനാൽ ഐപിഎമിൽ എത്തിയാൽ രണ്ടാഴ്ചയൊക്കെ ഇവിടെ  താമസിച്ചാണ് മടക്കം. ഇതോടൊപ്പം ചിത്രരചനയുമുണ്ട്. നേരത്തേ ചിത്രകലാധ്യാപകനായി പ്രവർത്തിച്ചിരുന്നെങ്കിലും വാഹനാപകടത്തെ തുടർന്നുണ്ടായ അസ്വസ്ഥതകളെ തുടർന്ന് ഇപ്പോൾ പോകുന്നില്ല. വളന്റിയറെന്ന രീതിയിൽ കൂടുതൽ സജീവമായി പ്രവർത്തിക്കാനാണ് ലിനീഷിന്റെ ആഗ്രഹം. പരേതനായ ചെക്കോട്ടിയുടെയും ലീലയുടെയും മകനാണ്. സ്വന്തമായി  ഓട്ടോമാറ്റിക്‌ വീൽചെയറെന്ന ആഗ്രഹമാണ്‌ നിർധന കുടുംബാംഗമായ  ലിനീഷിനുള്ളത്‌.   ഐപിഎം നൽകുന്ന വീൽചെയറാണ്‌ വളണ്ടിയറാകുമ്പോൾ ഉപയോഗിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top