23 April Tuesday
പുതുചരിത്രം രചിച്ച്‌ ബീച്ച്‌ ആശുപത്രി

ഒരു മാസത്തിനുള്ളിൽ മെഡിക്കൽ ഐസിയു സജ്ജം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
കോഴിക്കോട്‌
മെഡിക്കൽ കോളേജിൽ കോവിഡ്‌ രോഗികൾ കൂടുന്ന സാഹചര്യത്തിൽ മറ്റു രോഗികൾക്ക്‌ അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ റെക്കോർഡ്‌ വേഗത്തിലൊരുക്കി ബീച്ച്‌ ആശുപത്രി. ഒരു മാസം കൊണ്ടാണ്‌ അടിയന്തര ചികിത്സ ലഭ്യമാക്കാനുള്ള‌‌ മെഡിക്കൽ ഐസിയു ക്രമീകരിച്ചത്‌. സാധാരണ ഒരു വർഷത്തിലേറെ സമയമെടുക്കുന്നിടത്താണ്‌ രാപകൽ പ്രവൃത്തി നടത്തി നിർമാണം ഒരു മാസത്തിനകം പൂർത്തീകരിച്ചത്‌.  
ലക്ഷക്കണക്കിന്‌ രൂപയുടെ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്‌.  കൂടുതൽ സൗകര്യങ്ങളോടെ  കാർഡിയോളജി‌ ഐസിയു–-ഓപി–-വാർഡ്‌ എന്നിവയും സജ്ജമായി‌.  പുതിയ സംവിധാനങ്ങൾ 15ന്‌ മന്ത്രി കെ കെ ശൈലജ ഓൺലൈൻ വഴി ഉദ്‌ഘാടനം ചെയ്യും.
ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി കോവിഡ്‌ ആശുപത്രിയായി മാറിയതോടെയാണ്‌ മറ്റു രോഗികൾക്കായി ബീച്ച്‌ ആശുപത്രിയിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിച്ചത്‌. ഏപ്രിൽ മാസത്തോടെ തന്നെ കാർഡിയാക്‌ യൂണിറ്റ്‌ പ്രവർത്തനമാരംഭിച്ചിരുന്നു. കാർഡിയാക്‌ വിഭാഗത്തിനായി  സംസ്ഥാന സർക്കാർ 4.12 കോടി രൂപയാണ്‌ അനുവദിച്ചത്‌. ദേശീയ ആരോഗ്യ ദൗത്യം ഫണ്ടായ 92 ലക്ഷം രൂപ അനുവദിച്ചാണ് ഒരു മാസത്തിനുള്ളിൽ ‌ മെഡിക്കൽ ഐസിയു ഒരുക്കിയത്‌. 
പഴയ വാർഡ്‌ ഒമ്പതാണ്‌ ഇപ്പോൾ 20 കിടക്കകളുള്ള മെഡിക്കൽ ഐസിയു ആക്കിയത്‌.  നാല്‌  കിടക്കകളുള്ള സ്‌ട്രോക്ക്‌ യൂണിറ്റ്‌, കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം എന്നിവയാണ്‌ ഐസിയുവിൽ ഉള്ളത്‌.  കലക്ടർ, എ പ്രദീപ്‌ കുമാർ എംഎൽഎ, ഡിഎംഒ, ഡിപിഎം, ആശുപത്രി സൂപ്രണ്ട്‌ എന്നിവർ ചേർന്ന്‌ ആസൂത്രണം ചെയ്‌താണ്‌ ചികിത്സാ സംവിധാനങ്ങൾ വേഗത്തിൽ നടപ്പാക്കിയത്‌. യുഎൽസിസിഎസിനായിരുന്നു നിർമാണ ചുമതല.  രോഗവ്യാപനം കൂടിയാൽ ബീച്ച്‌ ആശുപത്രിയിൽ കോവിഡ്‌ ചികിത്സ സജ്ജമാക്കാനുള്ള സാധ്യതയും മുന്നിൽകണ്ടാണ് നടപടി. 
അസ്ഥിരോഗ ശസ്‌ത്രക്രിയാ വിഭാഗത്തിൽ‌ വേണ്ട ഉപകരണമായ 28 ലക്ഷം രൂപയുടെ സി ആം, കാർഡിയോളജി വിഭാഗത്തിലേക്ക്‌ 15 ലക്ഷം രൂപയുടെ ടിഎംടി മെഷീൻ, പൾമൊണോളജി വിഭാഗത്തിലേക്ക്‌ ഫൈബ്രോ ഒപ്‌റ്റിക്‌ ബ്രോങ്കോസ്‌കോപ്പ്, എക്‌സറേ മെഷീൻ‌ തുടങ്ങി നൂതന ചികിത്സാ ഉപകരണങ്ങളും ഒരു മാസത്തിനുള്ളിൽ  ലഭ്യമാക്കി.   
സർജറി, മെഡിസിൻ, ഓർത്തോ, ഇഎൻടി, ഒഫ‌്താൽമോളജി, അനസ‌്തേഷ്യ യൂണിറ്റുകളെല്ലാം 24 മണിക്കൂറുമുണ്ട‌്. കാത്ത്‌ലാബ്‌ ഒരു മാസത്തിനുള്ളിൽ ആരംഭിക്കും.    കെഎസ്‌ഇബിയുടെ സിഎസ്‌ആർ ഫണ്ട്‌ ഉപയോഗിച്ച്‌ 11 ലക്ഷം രൂപ ചെലവിൽ അനസ്‌തേഷ്യ വർക്ക്‌ സ്‌റ്റേഷൻ ആരംഭിച്ചു. ഇതുവഴി‌ ശസ്‌ത്രക്രിയ ഉൾപ്പെടെ  24 മണിക്കൂറും തടസ്സങ്ങളില്ലാതെ നടത്താനാകും.  പുതുതായി സ്ഥാപിച്ച ആറ്‌ വെന്റിലേറ്ററുകളും 15ന്‌ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top