17 April Wednesday

മുചുകുന്ന് കണ്ണാടി നോക്കാം

എ സജീവ് കുമാർUpdated: Saturday May 14, 2022

അഭിലാഷ് പണിപ്പുരയിൽ

കൊയിലാണ്ടി

ആറന്മുളക്കണ്ണാടി ലോക പ്രശസ്തമാണ്. കണ്ണാടിക്ക് പ്രാധാന്യമുള്ളതുകൊണ്ട് അതിന്റെ നിർമിതിയുടെ രഹസ്യവും മറ്റുള്ളവർക്ക് അറിയാത്തതാണ്. വർഷങ്ങളുടെ പ്രയത്നംകൊണ്ട് നിർമാണത്തിലെ ലോഹ രഹസ്യം പരീക്ഷിച്ചറിഞ്ഞ് അതേ രീതിയിൽ കണ്ണാടി നിർമിക്കുന്ന ഒരു യുവാവ് മുചുകുന്നിലുണ്ട്. താൻ നിർമിക്കുന്നത് മുചുകുന്ന് കണ്ണാടിയാണെന്നാണ് ഓട്ടുകമ്പനിക്ക് സമീപം താമസിക്കുന്ന അഭിലാഷ് പറയുന്നത്. പാരമ്പര്യ കൈത്തൊഴിൽ അന്യംനിന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലും വീടിനടുത്ത പണിശാലയിൽ വെങ്കലപ്പണിയിൽ അഭിമാനത്തോടെ ജീവിതമാർഗം കണ്ടെത്തുകയാണ് മുചുകുന്നിലെ നടുവിലക്കണ്ടി അഭിലാഷ്. 

വാൽക്കണ്ണാടി നിർമാണത്തിലെ ലോഹരഹസ്യം കണ്ടെത്താൻ ചെമ്പും വെളുത്തീയവും വിവിധ അനുപാതത്തിൽ വാർപ്പുലയിൽ മൂശയിലിട്ടുരുക്കി മൂന്നുവർഷത്തോളമെടുത്ത് നടത്തിയ പരീക്ഷണം വിജയിച്ചതിന്റെയും ആ അനുപാതത്തിൽ സ്വന്തമായി ലോഹ -വാൽക്കണ്ണാടി നിർമിക്കാൻ കഴിഞ്ഞതിന്റെയും ആഹ്ലാദത്തിലാണ് അഭിലാഷ്.

ആറന്മുളയിലെയും പാലക്കാട്ടെയും ഏതാനും പരമ്പരാഗത വെങ്കലത്തൊഴിലാളികൾക്കുമാത്രം അറിയാവുന്നതും മറ്റാർക്കും കൈമാറാത്തതുമാണ് ഈ കണ്ണാടിയുടെ ലോഹമിശ്രിത രഹസ്യം. ഈ സാഹചര്യത്തിലാണ് അഭിലാഷിന്റെ പരീക്ഷണം ശ്രദ്ധേയമാകുന്നത്. 

ആറന്മുള കണ്ണാടിയെന്ന വേറിട്ട കണ്ണാടിക്ക് കേന്ദ്ര സർക്കാരിന്റെ പാറ്റന്റുണ്ട്. ആറന്മുള മാതൃകയെ അനുകരിച്ചിട്ടില്ല എന്നും വാൽക്കണ്ണാടി ഉണ്ടാക്കി വിൽക്കാൻ  തയ്യാറല്ലെന്നും ഈ യുവാവ് പറഞ്ഞു. ഉരുളി, വിളക്ക്, പാത്രങ്ങൾ, വെങ്കല ശിൽപ്പങ്ങൾ, തെയ്യം മെയ്യാഭരണങ്ങൾ എന്നിവയും അഭിലാഷ്‌ ഉണ്ടാക്കും. വിദേശികളും അഭിലാഷിന്റെ വെങ്കലപ്പണിശാലയിൽ എത്താറുണ്ട്.  വെങ്കലത്തിൽ ക്ഷേത്രവിഗ്രഹങ്ങൾ പണിയുന്നതിൽ പ്രസിദ്ധനായ എൻ കെ ചന്തുക്കുട്ടിയാണ് അഭിലാഷിന്റെ അച്ഛൻ. അമ്മ കല്യാണിക്കുട്ടി. 

പാരമ്പര്യ തൊഴിൽചെയ്യുമ്പോഴും മാനവിക വിഷയത്തിൽ ഡിഗ്രിയെടുക്കുക എന്ന ലക്ഷ്യത്തോടെ തുടർപഠനവും നടത്തുന്നുണ്ട് ഈ യുവ-ശിൽപ്പി.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top