20 April Saturday
ആശുപത്രികൾ സുസജ്ജം

കുതിച്ചുയർന്ന്‌ കോവിഡ്

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
കോഴിക്കോട്‌
പ്രതിദിന കോവിഡ്‌ കേസുകൾ ജില്ലയിൽ ആയിരത്തിന് മുകളിൽ. മൂന്ന്‌ മാസത്തിന്‌ ശേഷമാണ്‌ വീണ്ടും ഈ രീതിയിൽ കുതിപ്പുണ്ടാകുന്നത്‌.  19.92 ശതമാനമാണ്‌ വ്യാഴാഴ്‌ച ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌.  ടിപിആർ അഞ്ചിൽ താഴ്‌ന്നതാണ്‌ ഇപ്പോൾ വീണ്ടും കുതിക്കുന്നത്‌. രോഗവ്യാപനം ചെറുക്കാനായി സ്വയം കരുതൽ നടപടി കർശനമാക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ നിർദേശിച്ചു.
ചികിത്സയിലുള്ള രോഗികളുടെ എണ്ണം 6992 ആയി ഉയർന്നു. ജനുവരി ആദ്യം ഇത്‌ 2758 ആയി കുറഞ്ഞിരുന്നു. രോഗികളിൽ 5424 പേരും വീടുകളിലാണ്‌ ചികിത്സ. ബുധൻ  മുതലാണ്‌ പ്രതിദിന രോഗവ്യാപനം ആയിരത്തിന് മുകളിലായത്‌. രോഗികൾ കൂടുന്ന സാഹചര്യത്തിൽ ചികിത്സാ സംവിധാനം വിപുലപ്പെടുത്താനായി ജില്ലാ ഭരണകേന്ദ്രം നേതൃത്വം അവലോകനയോഗം ചേർന്നിരുന്നു. നിലവിൽ സർക്കാർ ആശുപത്രികളിൽ 75 പേരും സ്വകാര്യ ആശുപത്രിയിൽ 163 പേരുമാണ്‌ ചികിത്സയിലുള്ളത്‌. സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകളിൽ 56 പേരുമുണ്ട്‌. 
രണ്ടാം തരംഗശേഷം കോവിഡ്‌ വ്യാപനത്തിൽ കുറവുണ്ടായതിനാൽ എഫ്‌എൽടിസികളിൽ രോഗികളില്ലായിരുന്നു. പഞ്ചായത്ത്‌ തല ഡോമിസിലറി കെയർ സെന്ററുകളും പ്രവർത്തിക്കുന്നില്ല. രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ എഫ്‌എൽടിസികളുൾപ്പെടെ തുറന്ന്‌ പ്രവർത്തിപ്പിക്കാനുള്ള ക്രമീകരണം ആരോഗ്യവിഭാഗവും ജില്ലാ ഭരണകേന്ദ്രവും കൈക്കൊണ്ടിട്ടുണ്ട്‌. 
അതേസമയം ആശുപത്രി ചികിത്സ വേണ്ടിവരുന്ന  രോഗികളുടെ എണ്ണം കുറവുള്ളതിനാൽ വലിയ ആശങ്കവേണ്ടെന്നാണ്‌ വിലയിരുത്തൽ. മൂന്നാം തരംഗം മുൻകൂട്ടിക്കണ്ട്‌ ഓക്‌സിജൻ ലഭ്യതക്കുള്ള എല്ലാ ഒരുക്കവും ജില്ലയിൽ പൂർത്തീകരിച്ചിട്ടുണ്ട്‌. സ്വയംപര്യാപ്‌തത ഉറപ്പാക്കാൻ മൂന്ന്‌ പ്ലാന്റുകൾ ഗവ. ജനറൽ ആശുപത്രി, ഗവ. മെഡിക്കൽ കോളേജ്‌ എന്നിവിടങ്ങളിലായി സജ്ജമാക്കി. ഓക്‌സിജൻ വിതരണ സംവിധാനം വിപുലപ്പെടുത്താൻ കൂടുതൽ സിലിൻഡറുകളും 1400 ഓളം ഓക്‌സിജൻ ലഭ്യതയുള്ള കിടക്കകളും ലഭ്യമാക്കിയിട്ടുണ്ട്‌. 
മാസ്‌ക്‌, കൈ കഴുകൽ, സാമൂഹിക അകലം തുടങ്ങി കോവിഡ്‌ തുടക്കത്തിൽ ശീലിച്ച വ്യക്തിശീലങ്ങൾ കർശനമായി പാലിക്കേണ്ട ആവശ്യമാണ്‌ ഉയരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top