29 March Friday

കോവിഡ് വാക്‌സിന്‍ കോഴിക്കോട്ടും

സ്വന്തം ലേഖകന്‍Updated: Thursday Jan 14, 2021
 
കോഴിക്കോട്‌
ആദ്യഘട്ട കോവിഡ് വാക്സിൻ ജില്ലയിലെത്തി. പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച വാക്സിൻ വൈകിട്ട് നാലോടെയാണ് മലാപ്പറമ്പിലെ റീജ്യണൽ വാക്‌സിൻ സ്റ്റോറിലെത്തിച്ചത്. വിമാന മാർഗം  നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച് അവിടെനിന്ന്‌ പ്രത്യേകം സജ്ജീകരിച്ച ട്രക്കിലാണ് കോഴിക്കോട്ടെത്തിച്ചത്.  ആർസിഎച്ച് ഓഫീസർ ഡോ. മോഹൻദാസ് ഏറ്റുവാങ്ങി.
   പ്രത്യേക താപനില ക്രമീകരിച്ച ബോക്‌സുകളിൽ 1,19,500 ഡോസ് വാക്സിനാണെത്തിച്ചത്. ഓരോ ബോക്‌സിലും 12,000 ഡോസ് വാക്സിനാണുള്ളത്. 16ന് ജില്ലയിലെ 11 കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം തുടങ്ങും. കോഴിക്കോട് മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ  ആയുർവേദ ആശുപത്രി, ഫറോക്ക് ഇഎസ്ഐ ആശുപത്രി, പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി താലൂക്ക് ആശുപത്രികൾ, പനങ്ങാട് എഫ്എച്ച്സി, നരിക്കുനി, മുക്കം സിഎച്ച്സികൾ, ആസ്റ്റർ മിംസ്‌ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടങ്ങളിൽ വാക്സിനെത്തിക്കുക. 
 സജ്ജീകരണം വിപുലം
 വാക്‌സിൻ വിതരണത്തിന്‌ വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയത്. കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരടങ്ങിയ സമിതി പ്രവർത്തനങ്ങൾ വിലയിരുത്തി.  ഒരു കേന്ദ്രത്തിൽ 100 പേർ വീതം 11 കേന്ദ്രങ്ങളിലായി 1,100 പേർക്ക് ഒരുദിവസം വാക്‌സിൻ നൽകും.  ബ്ലോക്ക് തലത്തിൽ ഒരു കേന്ദ്രം  കൂടി സജ്ജീകരിക്കും.  
ഒരു വാക്‌സിനേറ്റർ, നാല് വാക്‌സിനേഷൻ ഓഫീസർമാർ എന്നിവരടങ്ങിയതാണ് ഒരു വാക്‌സിനേഷൻ കേന്ദ്രം.  വാക്‌സിനേഷനു ശേഷം മറ്റ് അസ്വസ്ഥതകളുണ്ടായാൽ അത് പരിഹരിക്കാനുള്ള ആംബുലൻസ് അടക്കമുള്ള സംവിധാനവും ഒരുക്കും.  ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ കേന്ദ്രങ്ങൾ സന്ദർശിച്ച് പുരോഗതി വിലയിരുത്തും. ഗർഭിണികൾക്കും കുട്ടികൾക്കും കോവിഡ് പോസിറ്റീവായവർക്കും വാക്‌സിൻ നൽകില്ല.  
ഒരു സമയം ഒരാൾ മാത്രമേ വാക്‌‌സിനേഷൻ റൂമിൽ കടക്കാൻ പാടുള്ളൂ.വാക്‌സിനേഷനു ശേഷം ഒബ്‌സർവേഷൻ റൂമിൽ 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top